കൊച്ചി: ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ നിന്നായി കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും.
11 പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് എന്‍ഐഎയുടെ നീക്കം.
അറസ്റ്റിലായവര്‍ നിലവില്‍ കാക്കനാട് ജില്ലാ ജയിലിലാണ് റിമാന്‍ഡില്‍ കഴിയുന്നത്. ഇവരില്‍ ചിലരെ വിശദമായി ചോദ്യം ചെയ്യലിന് ശേഷം ഡല്‍ഹിക്ക് കൊണ്ടുപോകുമെന്നാണ് വിവരം.
അറസ്റ്റിന് പിന്നാലെ പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷമാണ് പ്രതികളെ കലൂരിലെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്. ഒരുപ്രത്യേക സമുദായത്തിന്റെ നേതാക്കളെ ലക്ഷ്യമിട്ട് പ്രതികള്‍ ഹിറ്റ് ലിസ്റ്റ് തയാറാക്കിയതായി കഴിഞ്ഞ ദിവസം ഹാജരാക്കിയ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികളില്‍നിന്നും പിടിച്ചെടുത്ത ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഫോറന്‍സിക് പരിശോധന പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും എന്‍ഐഎ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.
കേസിലെ രണ്ടാം പ്രതി കരമന അഷ്റഫ്, നാല് മുതല്‍ 11 വരെ പ്രതികളായ സാദിഖ് അഹമ്മദ്, ഷിഹാസ്, പി. അന്‍സാരി, എ.എം. മുജീബ്, നജ്മുദ്ദീന്, ടി.എസ്. സൈനുദ്ദീന്‍, പി.കെ. ഉസ്മാന്, യഹിയ കോയ തങ്ങള്‍, 13ാം പ്രതി കെ. മുഹമ്മദലി, സി.ടി. സുലൈമാന്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്.