പാലക്കാട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് മുൻ സംസ്ഥാന സെക്രട്ടറി സി.എ. റൗഫ് പിടിയിൽ.
പാലക്കാട് പട്ടാമ്പി കരിമ്പുള്ളിയിലെ വീട്ടിൽനിന്ന് ഇന്നലെ അർധരാത്രി 12.45ന് എൻഐഎ സംഘമാണ് പിടികൂടിയത്. വീട് വളഞ്ഞ് പിടികൂടുകയായിരുന്നു.
റൗഫിനെ കസ്റ്റഡിയെടുക്കുന്ന വിവരം പട്ടാന്പി പോലീസിനെ എൻഐഎ അവസാനനിമിഷമാണ് അറിയിച്ചത്. പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത റൗഫിനെ കൊച്ചിയിലെ എൻഐഎ ഓഫീസിലെത്തിച്ചു.
പോപ്പുലർ ഫ്രണ്ട് നിരോധനത്തിന് പിന്നാലെ ഒളിവിൽ പോയ റൗഫ് കർണാടകയിലും തമിഴ്നാട്ടിലുമായി കഴിയുകയായിരുന്നു.
നിരോധനത്തിന് പിന്നാലെ പല നേതാക്കളെയും ഒളിവിൽ കഴിയാൻ സഹായിച്ചത് റൗഫ് ആണെന്ന് എൻഐഎ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ആഴ്ച റൗഫിന്റെ വീട്ടിൽ എൻഐഎ സംഘം റെയ്ഡ് നടത്തിയിരുന്നു. ചില ലഘുലേഖകൾ കണ്ടെത്തിയെന്ന് എൻഐഎ വ്യക്തമാക്കിയിരുന്നു.
ഒളിവിലായിരുന്ന റൗഫിനെ കണ്ടെത്താൻ എൻഐഎ ശ്രമം ഊർജിതമാക്കിയിരുന്നു. ഇന്നലെ രാത്രി റൗഫ് വീട്ടിലെത്തിയെന്ന സൂചന ലഭിച്ചതോടെ സംഘം വീട് വളഞ്ഞു.
സംഘടന പ്രവർത്തകരാരും സംഭവമറിഞ്ഞ് സ്ഥലത്തെത്തിയില്ല. പോപ്പുലർ ഫ്രണ്ടിന്റെ പ്രമുഖ നേതാക്കളെല്ലാം നേരത്തെ അറസ്റ്റിലായിരുന്നു.