സ്വന്തം ലേഖകന്‍
കോഴിക്കോട്: വര്‍ഷങ്ങളായുള്ള നിരീക്ഷണത്തിന്റെയും കേന്ദ്ര എജന്‍സികളുടെ കൃത്യമായ, കാര്യങ്ങള്‍ അക്കമിട്ടുനിരത്തികൊണ്ടുള്ള റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാനുള്ള തീരുമാനം കേന്ദ്രം കൈക്കൊണ്ടത്.
അതിന്റെ ആന്റി കൈളമാക്സായിരുന്നു കേന്ദ്ര ആഭ്യന്തരമന്ത്രാലയം തയാറാക്കി ‘ഒരു ഈച്ച പോലും’ അറിയാതെയുള്ള റെയ്ഡ്. ഇതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ തുടര്‍ നടപടികള്‍ക്ക് ആക്കം കുട്ടി.
മുന്‍കാലങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിക്കൂട്ടിലായ കേസുകളും ഇതിന് വഴിയൊരുക്കി.നിരോധിക്കുന്നതിനുമുന്പുള്ള സാമ്പിള്‍ വെടിക്കട്ടായിരുന്നു രാജ്യവ്യാപകമായ റെയ്ഡെന്ന് എന്‍ഐഎ ഉദ്യോഗസ്ഥര്‍തന്നെ വ്യക്തമാക്കുന്നുണ്ട്.
ഒരു സംസ്ഥാനത്തുപോലും അധികാരത്തില്‍ വരാത്തതും രാഷ്ട്രീയശക്തി അല്ലാത്തതുമായ പോപ്പുലര്‍ ഫ്രണ്ട് നടത്തുന്ന പരിപാടികളിലെ വന്‍ ഫണ്ടിംഗും യുവാക്കളുടെ സജീവ പങ്കാളിത്തവും പെട്ടെന്നുതന്നെയുള്ള നടപടികളിലേക്ക് നയിച്ചു.
ഹര്‍ത്താലിലെ അക്രമസംഭവങ്ങള്‍ സംഘടനയുടെ തീവ്രനിലപാടിലേക്കുള്ള ചൂണ്ടുപലകയുമായി. പലയിടത്തും സംഘപരിവര്‍ സംഘടനകളുമായി നേരിട്ട് പോപ്പുലര്‍ ഫ്രണ്ട് ഏറ്റുമുട്ടി. കേരളത്തില്‍ മാത്രമല്ല, കര്‍ണാടകയിലും പോപ്പുലര്‍ ഫ്രണ്ട് അക്രമങ്ങള്‍ അതിരുവിട്ടു.
വിവാദ ചോദ്യപേപ്പര്‍ തയാറാക്കിയ മൂവാറ്റുപുഴയിലെ കോളജ് അധ്യാപകനായ ടി.ജെ. ജോസഫിന്റെ വലതുകൈ വെട്ടിമാറ്റിയ സംഭവത്തില്‍ പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടതോടെയാണ് കേരളത്തില്‍ ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ട് കരടായി തുടങ്ങിയത്.
കേരളത്തില്‍ 2021, 2017 കാലഘട്ടങ്ങളില്‍ നടന്ന ആര്‍എസ്എസ് പ്രവര്‍ത്തകരുടെ കൊലപാതകവും 2018-ലെ അഭിമന്യൂ കൊലപാതകവും പോപ്പുലര്‍ ഫ്രണ്ടിനെ നിരീക്ഷണ കാമറയിലാക്കി. കൈവെട്ട് കേസില്‍ വിധി പറഞ്ഞ കോടതി 54 പേരില്‍ 13 പേരെ ശിക്ഷിച്ചു.
ഇതില്‍ 10 പേര്‍ക്കെതിരേ യുഎപിഎ നിയമം പ്രയോഗിച്ചിട്ടുണ്ട്. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തെ പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധിപ്പിക്കുന്നതിനു പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത് പോപ്പുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് കേസില്‍ പ്രതിയായിരുന്നു എന്നതാണ്.
തീവ്രവാദ ബന്ധം
വടക്കന്‍ കേരളത്തില്‍ കണ്ണൂര്‍ ജില്ലയില്‍ നാറാത്ത് പാമ്പുരുത്തി റോഡിനു സമീപമുള്ള തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഓഫീസില്‍ ഏപ്രില്‍ 23-ന് പോലീസ് റെയ്ഡ് ചെയ്തു.
പോപ്പുലര്‍ ഫ്രണ്ടുമായി ബന്ധമുള്ളതാണ് തണല്‍ ചാരിറ്റബിള്‍ ട്രസ്റ്റ്. റെയ്ഡില്‍ 21 പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇവിടെനിന്നു പോപ്പുലര്‍ ഫ്രണ്ടിന് തീവ്രവാദബന്ധമുണ്ടെന്നു സ്ഥിരീകരിക്കുന്ന തെളിവുകള്‍ കണ്ടെടുത്തതായി പോലീസ് പറയുന്നു.
ബോംബ്, വടിവാള്‍, ബോംബു നിര്‍മാണസാമഗ്രികള്‍, ആയുധപരിശീലനത്തിനുപയോഗിക്കാനെന്നു സംശയിക്കുന്ന മരംകൊണ്ടുള്ള ആള്‍രൂപം എന്നിവയും ദേശവിരുദ്ധസ്വഭാവമുള്ള ലഘുലേഖകളും ഇറാന് സ്വദേശിയുടെ പേരിലുള്ള തിരിച്ചറിയല്‍ രേഖയും കണ്ടെടുത്തതായും റിപ്പോര്‍ട്ടുകള്‍ വന്നു.
മതമൗലിക വാദം വളര്‍ത്താനും തീവ്രവാദപരമായ നിലപാടുകളെ പ്രചരിപ്പിക്കാനും തേജസ് പത്രത്തെ പോപ്പുലര്‍ ഫ്രണ്ട് ഉപയോഗിക്കുന്നുണ്ടെന്ന് കേരള സര്‍ക്കാര്‍ 2014 ഫെബ്രുവരിയില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
തുടര്‍ന്ന് ഈ പത്രം സര്‍ക്കാര്‍ പൂട്ടിച്ചു. ഇപ്പോള്‍ ഓണ്‍ലൈനായാണ് പ്രവര്‍ത്തനം. മൂവാറ്റുപുഴ കൈവെട്ട് സംഭവത്തിലെ കുറ്റാരോപിതര്‍ ഉപയോഗിച്ച സിംകാര്‍ഡുകള്‍ തേജസിന്റെ പേരിലെടുത്ത കണക്ഷനുകളായിരുന്നെന്നും ഇസ് ലാമികവത്കരണം എന്ന ഉദ്ദേശത്തോടെയാണ് ഈ സംഘടന പ്രവര്‍ത്തിക്കുന്നതെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ടിന്റെ രാഷ്ട്രീയ സംഘടനയായ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയ്ക്ക് (എസ്ഡിപിഐ) നിരോധനമില്ല. രാഷ്ട്രീയ പാർട്ടികയെ നിരോധിക്കുന്നതിൽ നിയമപരമായ തടസങ്ങൾ നിലനില്‍ക്കുന്നതാണ് കേന്ദ്രത്തിനു മുന്നിലെ വെല്ലുവിളി.