സ്വന്തം ലേഖകന്‍
കോഴിക്കോട്: പോപ്പുലര്‍ ഫ്രണ്ട് നടത്തിയ ഹര്‍ത്താലിലുണ്ടായ ആക്രമണങ്ങളില്‍ കൂടുതല്‍ അറസ്റ്റിനും സംഘടനയ്ക്കെതിരേ കടുത്ത നടപടികൾക്കും നീക്കം ശക്തമാക്കി.
ഹര്‍ത്താല്‍ മറവില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണങ്ങള്‍ ദേശീയശ്രദ്ധ ആകര്‍ഷിച്ചതോടെ അത് അവസരമാക്കി കർശനനടപടികൾ എടുക്കാനാണ് കേന്ദ്ര-സംസ്ഥാന ആഭ്യന്തരവകുപ്പുകൾ ഒരുങ്ങുന്നത്.
ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്
ഹര്‍ത്താല്‍ ദിനത്തിലുണ്ടായ ആക്രമണങ്ങളുടെ ദൃശ്യങ്ങള്‍ പോലീസ് ഇതിനകം ശേഖരിച്ചുകഴിഞ്ഞു. സംസ്ഥാനത്ത് ഹര്‍ത്താല്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത് കെഎസ്ആര്‍ടിസിക്കാണ്.
അരക്കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. ഇതും ശക്തമായ നടപടി സ്വീകരിക്കാന്‍ ആഭ്യന്തരവകുപ്പിനെ പ്രേരിപ്പിക്കുന്നുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ പൂട്ടാൻ തക്കം പാർത്തിരിക്കുന്ന കേന്ദ്ര ഏജൻസികളാകട്ടെ വലക്കണ്ണികൾ ഓരോന്നായി മുറുക്കുകയാണ്.
ഒളിവില്‍പോയ നേതാക്കളെ പിടികൂടാനുള്ള ശ്രമം എന്‍ഐഎ ആരംഭിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് ഒളിവില്‍ കഴിയുന്ന പിഎഫ്ഐ സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍.
കേസിലെ 12-ാം പ്രതിയാണ് സംസ്ഥാന സെക്രട്ടറി സി.എ.റൗഫ്. ഇരുവരും മിന്നല്‍ പരിശോധനയ്ക്കിടയില്‍ ഒളിവില്‍പോകുകയായിരുന്നു.
റെയ്ഡിനിടയില്‍ ഒളിവില്‍പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും എന്‍ഐഎ വ്യക്തമാക്കുന്നു.
അവർ ഒളിവിൽ പോയത്
നേതാക്കള്‍ കൂട്ടത്തോടെ അറസ്റ്റിലായപ്പോള്‍ കേരളത്തിലെ സംഘടനാ പ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിക്കുന്നതിനാണ് നേതാക്കള്‍ ഒളിവില്‍പോയതെന്നും ഒളിവിലിരുന്നാണ് എന്‍ഐഎ റെയ്ഡിനെതിരെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
എന്‍ഐഎ ഓഫീസില്‍ പ്രതികള്‍ കീഴടങ്ങാന്‍ തയാറാകാത്ത സാഹചര്യത്തിലാണ് അറസ്റ്റ് വാറണ്ടും ലുക്ക് ഒൗട്ട് നോട്ടീസും പുറപ്പെടുവിക്കാന്‍ എന്‍ഐഎ ശ്രമം തുടങ്ങിയത്.
സംസ്ഥാനത്തെ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളുടെ പരിശോധനാ ഫലം ലഭിച്ചാല്‍ ഉടന്‍ കോടതിയില്‍ അപേക്ഷ നല്‍കും.
കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള 11 പേരുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഈമാസം 30 വരെയാണ് പ്രതികളെ ചോദ്യം ചെയ്യലിനായി വിട്ട് നല്‍കിയിട്ടുള്ളത്. വരും ദിവസം വിവിധ ജില്ലകളില്‍ പ്രതികളുമായി തെളിവെടുപ്പും ഉണ്ടാകും.
ഒളിവില്‍ കഴിയുന്ന നേതാക്കള്‍ക്കെതിരേ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും
കൊച്ചി: ഒളിവില്‍ കഴിയുന്ന പോപ്പുലര്‍ഫ്രണ്ട് നേതാക്കള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി എന്‍ഐഎ.
സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുള്‍ സത്താര്‍, സെക്രട്ടറി സിഎ റൗഫ് എന്നിവര്‍ക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കുക.
വ്യാഴാഴ്ച നടന്ന മിന്നല്‍ റെയ്ഡിനിടെ ഒളിവില്‍ പോയ ഇരുവരും ചേര്‍ന്നാണ് സംസ്ഥാനത്ത് ഹര്‍ത്താലിന് ആഹ്വാനം ചെയ്തതെന്ന് എന്‍ഐഎ വ്യക്തമാക്കി.
ഇവര്‍ക്കെതിരെ കൊച്ചി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കും.തീവ്രവാദ പ്രവര്‍ത്തനത്തിന് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നാം പ്രതിയാണ് അബ്ദുള്‍ സത്താര്‍. സിഎ റൗഫ് കേസിലെ പന്ത്രണ്ടാം പ്രതിയാണ്.
രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഗൂഢാലോചന നടത്തിയതിനലും ഭീകരസംഘടനങ്ങളിലേയ്ക്ക് യുവാക്കളെ ആകര്ഷിച്ചതിലും ഇരുവര്‍ക്കും പങ്കുണ്ടെന്ന് എന്‍ഐഎ അറിയിച്ചു.