തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമവുമായി ബന്ധപ്പെട്ട് സംഘടനയുടെ ഭാരവാഹികളുടെ സ്ഥാവരജംഗമ വസ്തുക്കള്‍ ഉൾപ്പെടെ റവന്യൂ റിക്കവറി നടത്താന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെ ഉത്തരവ്.
റവന്യൂ റിക്കവറി നിയമത്തിലെ 35-ാം വകുപ്പ് പ്രകാരം ജപ്തി ചെയ്ത് ലേല നടപടികൾ കൈക്കൊള്ളാനാണ് നിർദേശം. നാളെ വൈകിട്ട് അഞ്ചിനു മുന്‍പായി ജപ്തി നടപടികള്‍ പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ കളക്ടര്‍മാരോട് നിര്‍ദേശിച്ചിട്ടുണ്ട്.
റിപ്പോർട്ട് ഇമെയിൽ മുഖേനയോ പ്രത്യേക എത്തിക്കണമെന്നും നിർദേശിക്കുന്നു. പിടിച്ചെടുക്കുന്ന സ്വത്തുക്കള്‍ ലേലം ചെയ്യും. ആഭ്യന്തര വകുപ്പില്‍ നിന്ന് നേതാക്കളുടെ പേരുവിവരങ്ങള്‍ ലഭിച്ചാലുടന്‍ ജപ്തി നടത്തുമെന്ന് ഉത്തരവിൽ പറയുന്നു.
ജപ്തി നടപടികളിൽ സമയക്രമം പാലിക്കണമെന്ന് കഴിഞ്ഞ ദിവസം ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഉത്തരവ് പുറത്തിറക്കിയത്. ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ജനുവരി 23നകം നല്‍കണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്.
കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ എന്താണ് വിമുഖതയെന്ന് കോടതി ചോദിച്ചിരുന്നു. ജപ്തിക്കായി നോട്ടീസ് നല്‍കേണ്ടതില്ലെന്നും നടപടി പൂര്‍ത്തിയാക്കി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശമുണ്ട്.
5.2 കോടി രൂപ നഷ്ടപരിഹാരം ഈടാക്കാനും,തുക കെട്ടിവയ്ക്കാത്ത പക്ഷം സ്വത്തുവകകള്‍ കണ്ടുകെട്ടാനുമായിരുന്നു കോടതിയുടെ ഇടക്കാല ഉത്തരവ്.
സെപ്റ്റംബര്‍ 29 ലെ വിധിയില്‍ പൊതുമുതല്‍ നശിപ്പിക്കുന്നത് നിസാരമായി കാണാനാകില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
തുടര്‍ന്ന് ജപ്തി നടപടികള്‍ വൈകിപ്പിച്ചതിന് ആഭ്യന്തര സെക്രട്ടറി നേരിട്ട് കോടതിയില്‍ ഹാജരായി നിരുപാധികം മാപ്പപേക്ഷിച്ചിരുന്നു.
പിന്നാലെ ഈ മാസം 15നകം നടപടികള്‍ പൂര്‍ത്തീകരിക്കുമെന്ന് കോടതിയില്‍ പറഞ്ഞിരുന്നുവെങ്കിലും നടപടികൾ ഉണ്ടാകാത്തതിനെ തുടർന്നാണ് കോടതി കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയത്.