തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് കഴിഞ്ഞ സെപ്റ്റംബറില്‍ ആഹ്വാനംചെയ്ത ഹര്‍ത്താലുമായി ബന്ധപ്പെട്ട നഷ്ടപരിഹാരം ഈടാക്കുന്നതിന്റെ ഭാഗമായുള്ള ജപ്തി നടപടികൾ ഇന്നും തുടരുന്നു. ഇന്നലെ 14 ജില്ലകളിൽ നിന്നായി അറുപതോളം സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഹൈക്കോടതി അന്ത്യശാസനത്തെത്തുടര്‍ന്നാണ് നടപടി. ജപ്തിയുടെ വിവരങ്ങൾ കളക്ടര്‍മാര്‍ സര്‍ക്കാരിന് കൈമാറും. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് ജില്ലാകളക്ടര്‍മാര്‍ക്ക് സ്വത്ത് കണ്ടുകെട്ടാൻ നൽകിയിരിക്കുന്ന സമയപരിധി.
ലാൻഡ് റവന്യൂ കമ്മീഷണര്‍ ആണ് ജില്ലാകളക്ടര്‍മാര്‍ക്ക് സമയപരിധി നൽകിയിരിക്കുന്നത്തൃശൂര്, വയനാട്, കാസര്‍ഗോഡ്, തിരുവനന്തപുരം, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലെ നേതാക്കളുടെ വസ്തുക്കളാണ് കഴിഞ്ഞ ദിവസം ജപ്തി ചെയ്തത്. റവന്യു റിക്കവറി നിയമത്തിലെ 35 വകുപ്പ് പ്രകാരമാണ് നടപടി.
പാലക്കാട് 16 ഇടങ്ങളിലും വയനാട്ടിൽ 14 ഇടങ്ങളിലും ജപ്തി നടന്നു.. ഇടുക്കിയിൽ ആറ് നേതാക്കളുടേയും പത്തനംതിട്ടയിൽ മൂന്ന് നേതാക്കളുടേയും ആലപ്പുഴയിൽ രണ്ട് നേതാക്കളുടേയും സ്വത്ത് വകകൾ ജപ്തി ചെയ്തു.
ജപ്തി നടപടികളിൽ സമയക്രമം പാലിക്കണമെന്ന് ഹൈക്കോടതി സര്‍ക്കാരിന് അന്ത്യശാസനം നല്‍കിയതിനു പിന്നാലെയാണ് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കഴിഞ്ഞ ദിവസം ജപ്തി ഉത്തരവ് പുറത്തിറക്കിയത്.
ജപ്തി നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ജില്ലാ അടിസ്ഥാനത്തിലുള്ള റിപ്പോര്‍ട്ട് ജനുവരി 23നകം നല്‍കണമെന്നാണ് സര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടിരുന്നത്.
കണ്ണൂരിൽ സ്വത്ത് കണ്ടുകെട്ടൽ ഇന്നു പൂർത്തിയാക്കും
കണ്ണൂർ: ഹർത്താലുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളിൽ കണ്ണൂരിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ സ്വത്ത് കണ്ടു കെട്ടൽ ഇന്ന് പൂർത്തിയാക്കും.
ജില്ലയിൽ എട്ടു പേരുടെ സ്വത്തുക്കളാണ് കണ്ടു കെട്ടുന്നത്. കണ്ണൂർ, തലശേരി, തളിപ്പറന്പ് താലൂക്കുകളിലും കൊളവല്ലൂർ, എടക്കാട്, ചൊക്ലി, പാനൂർ പോലീസ് സ്റ്റേഷൻ പരിധികളിലുമയുള്ളവരുടെ സ്വത്തുക്കളാണ് റവന്യു വകുപ്പ് കണ്ടു കെട്ടുന്നത്. ഇതിൽ ഏച്ചൂരിലെ കെ.വി.നൗഷാദിന്റെയും സഹോദരങ്ങളുടെയും പേരിലുള്ള ആഡൂരിലെ 25 സെന്റ് സ്ഥലവും മാവിലായിയിൽ നൗഷാദ് എന്നയാളുടെ 1 സെന്റും കണ്ടു കെട്ടി.
തളിപ്പറന്പ് താലൂക്കിൽ പാന്പുരുത്തിയിലെ മുക്രീരത്ത് റാസിഖിന്റെ പത്തു സെന്റും കണ്ടു കെട്ടി. തലശേരി താലൂക്കിലാണ് കൂടുതൽ പേരുടെ സ്വത്ത് കണ്ടു കെട്ടലിന് നടപടിയായത്. ഇവിടെ നാലുപേരുടെ സ്വത്താണ് കണ്ടു കെട്ടുന്നത്.
തൃപ്പങ്ങോട്ടൂരിലെ വായോത്ത് ഹാറൂണിന്റെ 33 സെന്റ്, മൊകേരിയിലെ പാറാട്ട് മീത്തൽ സമീറിന്റെ 9.83 സെന്റ്, കരിയാട് പുളിയനാന്പ്രത്തെ താഹിറിന്റെ 92.34 സെന്റ്, പെരങ്ങളത്തെ പൂല്ലൂക്കര ഇല്ലത്ത് സെമീറിന്റെ കാർ എന്നിവയാണ് കണ്ടു കെട്ടുന്നത്. നടപടികൾ ഇന്നു വൈകുന്നേരത്തെോടെ പൂർത്തിയാക്കും.