കോഴിക്കോട്: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിന്റെ മറവിൽ പൊതുമുതൽ നശിപ്പിച്ചതിനെ തുടർന്ന് നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള കോടതി ഉത്തരവിനെയും സർക്കാർ നടപടിയെയും പരോക്ഷമായി വിമർശിച്ച് സമസ്തയും മുസ് ലിം ലീഗും.
എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക്കിലാണ് കോടതി ഉത്തരവിനെയും സർക്കാർ നടപടിയെയും അതിരൂക്ഷമായി വിമർശിച്ച് പോസ്റ്റിട്ടത്.
കേരളത്തിൽ പോപ്പുലർ ഫ്രണ്ട് മാത്രമല്ല ഹർത്താൽ നടത്തിയിട്ടുള്ളതെന്നും പോപ്പുലർ ഫ്രണ്ട് ഹർത്താലോടെ ഇത് അവസാനിക്കില്ലെന്നും സത്താർ പന്തല്ലൂർ പറയുന്നു.
‘പൊതുമുതൽ നശിപ്പിച്ചാൽ അത് ബന്ധപ്പെട്ടവരിൽനിന്ന് തിരിച്ചുപിടിക്കാൻ കോടതിയും സർക്കാറും ജാഗ്രത കാണിക്കുന്നത് ശുഭസൂചനയാണ്.
എന്നാൽ പോപ്പുലർ ഫ്രണ്ട് മാത്രമാണോ ഹർത്താൽ നടത്തി പൊതുമുതൽ നശിപ്പിച്ചിട്ടുളളത്. ചെറുതും വലുതുമായ വിവിധ സംഘടനകളും സമരക്കാരും പൊതുമുതൽ നശിപ്പിച്ചിട്ടുണ്ട്.
ഇതിലൊന്നും കാണിക്കാത്ത ജാഗ്രതയ്ക്ക് പിന്നിലുള്ള താത്പര്യം എന്താണ്’? ഇതായിരുന്നു സത്താർ പന്തല്ലൂർ തന്റെ ഫേസ്ബുക്കിൽ കഴിഞ്ഞ ദിവസം കുറിച്ചിട്ടത്.
അതിനിടെ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളും സ്വത്ത് കണ്ടു കെട്ടലിനെതിരേ രംഗത്തെത്തിയിരുന്നു.
മഞ്ചേരിയിൽ പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വിലാസം മാറി ജപ്തിക്കെത്തിയ നടപടിയ ഉയർത്തിക്കാട്ടിയാണ് സാദിഖലി തങ്ങൾ ഇതിനെതിരേ പ്രതികരിച്ചത്.
കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ടിനെതിരായ നിയമപരമായ നടപടികൾ സ്വീകരിക്കണം. എന്നാൽ അതിന്റെ പേരിൽ വ്യാപകമായ റെയ്ഡ് നടത്തുമ്പോൾ പോപ്പുലർ ഫ്രണ്ടിൽ പെടാത്തവരുടെയും തീവ്രവാദ ബന്ധമില്ലാത്തവരുടെയും സ്വത്ത് കണ്ടുകെട്ടുന്ന രീതി ഉണ്ടാവുന്നുണ്ട്.
അത് ശരിയല്ലെന്നും അംഗീകരിക്കാൻ സാധിക്കില്ലെന്നുമാണ് തങ്ങൾ ഇന്നലെ കോഴിക്കോട്ട് പറഞ്ഞത്.