ആലപ്പുഴയില്‍ കൗമാരക്കാരന് വിളിച്ച മതവിദ്വേഷ മുദ്രാവാക്യം ‘വര്‍ഗീയ’മല്ലെന്ന് പോപ്പുലര്‍ ഫ്രണ്ട്. റാലിയിലെ മുദ്രാവാക്യത്തിന്റെ പേരില്‍ കേസെടുത്തതിനെയാണ് പോപ്പുലര്‍ ഫ്രണ്ട് പ്രതിരോധിക്കാന്‍ ഒരുങ്ങുന്നത്.
മാത്രമല്ല കേസെടുത്തത് ആര്‍എസ്എസിനെ സഹായിക്കാനാണെന്ന് ആലപ്പുഴ ജില്ലാ നേതൃത്വം ആരോപിച്ചു.
സംഘടന നല്കിയ മുദ്രാവാക്യമല്ല കുട്ടി വിളിച്ചതെന്നും ആവേശത്തില്‍ വിളിച്ചതായിരിക്കാമെന്നും എന്നാല്‍ കേസുമായി സഹകരിക്കുമെന്നും ജില്ലാ പ്രസിഡന്റ് നവാസ് വണ്ടാനം പറഞ്ഞു.
ഇതുകൂടാതെ കുട്ടി വിളിച്ച മുദ്രാവാക്യം മതങ്ങള്‍ക്കെതിരെയല്ലെന്നും ആര്എസ്എസിനെതിരാണെന്നും നവാസ് വ്യക്തമാക്കി.
ആലപ്പുഴയില്‍ നടന്ന റാലിയില്‍ പ്രകോപന മുദ്രാവാക്യം മുഴക്കിയതിന് പോപ്പുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കള്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നു.
ഇതിനെ തുടര്‍ന്നാണ് പ്രസിഡന്റിന്റെ പ്രതികരണം. ജില്ലാ സെക്രട്ടറി മുജീബ്, പ്രസിഡന്റ് നവാസ് വണ്ടാനം എന്നിവര്‍ ഒന്നും രണ്ടും പ്രതികളായാണ് കേസെടുത്തിരിക്കുന്നത്.
കണ്ടാലറിയാവുന്ന പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പ്രവര്‍ത്തകര്‍ക്ക് എതിരെയും കേസെടുത്തിട്ടുണ്ട്. എട്ടു വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
മതസ്പര്‍ധ വളര്‍ത്തണം എന്ന ഉദ്ദേശത്തോടെ കുട്ടിയെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചുവെന്നാണ് എഫ്ഐആറില്‍ ചൂണ്ടിക്കാണിക്കുന്നത്.
സംഭവത്തില്‍ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലേറ്റിയിരുന്ന ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ നജീബിനെ കസ്റ്റഡിയിലെടുത്തിരുന്നു.
സംഭവത്തില്‍ കേസെടുത്തതിന് പിന്നാലെ ആലപ്പുഴയില്‍ നിന്നെത്തിയ പോലീസ് സംഘം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഈരാറ്റുപേട്ടയിലെത്തി ഇയാളെ കസ്റ്റഡിയിലെടുത്തത്.
പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് രാത്രി 11 മണിയോടെ ഈരാറ്റുപേട്ടയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി.
നേരത്തെ കുട്ടിയെ കൊണ്ടുവന്നവര്‍ക്കും സംഘാടകര്‍ക്കുമെതിരെ പോലീസ് കേസെടുത്തിരുന്നു. ആലപ്പുഴ സൗത്ത് പോലീസാണ് കേസെടുത്തത്.
10 വയസ്സ് പോലും തോന്നിക്കാത്ത കുട്ടി മറ്റൊരാളുടെ ചുമലില്‍ ഇരുന്ന് വിദ്വേഷ മുദ്രവാക്യം വിളിക്കുകയും മറ്റുള്ളവര്‍ ഏറ്റുവിളിക്കുകയും ചെയ്യുന്നത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
മനപ്പൂര്‍വം പ്രകോപനം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണോ ഈ സംഭവമെന്നാണ് പോലീസ് രഹസ്യാന്വേഷണ വിഭാഗം പരിശോധിക്കുക.
”അരിയും മലരും കുന്തിരിക്കവും വാങ്ങി വെച്ചോളൂ നിന്റെയൊക്കെ കാലന്മാര് വരുന്നുണ്ടെന്നായിരുന്നു” പത്ത് വയസ്സ് തോന്നിക്കുന്ന കുട്ടിയുടെ മുദ്രാവാക്യങ്ങള്‍.
ഹിന്ദു മതസ്ഥര്‍ മരണാനന്തര ചടങ്ങിന് ഉപയോഗിക്കുന്ന വസ്തുക്കളാണ് അരിയും മലരും. കുന്തിരിക്കമാണ് ക്രിസ്ത്യന്‍ മതവിശ്വാസികള്‍ ഉപയോഗിക്കുന്നത്.
ആലപ്പുഴ നഗരത്തില്‍ ജനമഹാസമ്മേളനത്തിന്റെ ഭാഗമായുള്ള പോപ്പുലര്‍ ഫ്രണ്ടിന്റെ ബഹുജന റാലിയിലായിരുന്നു കുട്ടിയുടെ മുദ്രാവാക്യങ്ങള്‍.
ഒരു കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ പൊലീസും സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവിക്ക് ദേശീയ ബാലാവകാശ കമ്മിഷന് കത്ത് നല്കി.
കുട്ടിയെക്കൊണ്ടു മുദ്രാവാക്യം വിളിപ്പിക്കുന്നതു നിയമവിരുദ്ധമാണെന്നും ബാലനീതിനിയമത്തിന്റെ ലംഘനമാണെന്നും പോലീസിനു സ്വമേധയാ കേസെടുക്കാന്‍ സാധിക്കുമെന്നും ദേശീയ ബാലാവകാശ കമ്മിഷന് അധ്യക്ഷന്‍ പ്രിയാങ്ക് കനുംഗോ വ്യക്തമാക്കി.
അതേസസമയം വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയുടെ മാതാപിതാക്കളെയും കേസില്‍ പ്രതി ചേര്‍ക്കുമെന്ന് ആലപ്പുഴ എസ്പി വ്യക്തമാക്കി.
മുദ്രാവാക്യം വിളിച്ച കുട്ടിയെ ഇത് വരെ തിരിച്ചറിഞ്ഞിട്ടില്ല. കുട്ടിയെ തോളിലേറ്റിയ ആള് കുട്ടിയുടെ ബന്ധുവല്ലെന്ന് പോലീസ് വ്യക്തമാക്കി.
ഗൂഢാലോചനയടക്കം അന്വേഷിക്കുമെന്നും കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്കെതിരേ കേസെടുക്കുമെന്നും ആലപ്പുഴ എസ്പി വിശദീകരിച്ചു.