മലപ്പുറം: നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ നിയന്ത്രണത്തിലുള്ള മഞ്ചേരി ഗ്രീൻവാലി അക്കാദമി ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കണ്ടുകെട്ടി.
10 ഹെക്ടറോളം സ്ഥലത്താണ് അക്കാദമി സ്ഥിതി ചെയ്തിരുന്നത്. ഇവിടെ എൻഡിഎഫും പിഎഫ്ഐയും ആയുധപരിശീലനവും കായിക പരിശീലനവും നടത്തിയിരുന്നുവെന്ന് എൻഐഎ കണ്ടെത്തിയതിനെത്തുടർന്നാണു നടപടി.
കൊച്ചി എൻഐഎ യൂണിറ്റിൽ നിന്നുള്ള ചീഫ് ഇൻസ്പെക്ടർ ഉമേഷ് റായിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ അർധരാത്രിയോടെ ഗ്രീൻവാലി അക്കാദമി കണ്ടുകെട്ടിയത്.
പോപ്പലർ ഫ്രണ്ടിന്റെ കേരളത്തിലെ ആയുധ- കായിക പരിശീലന കേന്ദ്രമാണ് ഗ്രീൻവാലി. യുഎപിഎ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് എൻഐഎ നടപടി.
സ്ഫോടക വസ്തുക്കളടക്കം കായിക പരിശീലന കേന്ദ്രത്തിൽ പരീക്ഷിച്ചെന്നും കണ്ടെത്തിയിരുന്നു.മഞ്ചേരിയിലെ ഈ പരിശീലന കേന്ദ്രം പിഎഫ്ഐയിൽ ലയിച്ച നാഷണൽ ഡെവലപ്മെന്റ് ഫ്രണ്ട് നേരത്തേ ഉപയോഗിച്ചിരുന്നുവെന്നും എൻഐഎ കണ്ടെത്തിയിട്ടുണ്ട്.
പോപ്പുലർഫ്രണ്ടിന്റെ മലബാർ ഹൗസ്, പെരിയാർവാലി, വള്ളുവനാട് ഹൗസ്, കാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ്, ട്രിവാൻഡ്രം എജ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റ് എന്നിവ നേരത്തെ എൻഐഎ കണ്ടുകെട്ടിയിരുന്നു. മഞ്ചേരി ഗ്രീൻവാലി അക്കാദമി ഏറെനാളായി രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു.