കോട്ടയം: പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിനു പിന്നാലെ ജില്ലയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പൂട്ടി സീൽ ചെയ്യുന്നു. ഈരാറ്റുപേട്ടയിലും കുമ്മനത്തുമുള്ള പോപ്പുലർ ഫ്രണ്ട് ഓഫീസുകൾ പോലീസ് പൂട്ടി സീൽ ചെയ്തു.
മുണ്ടക്കയം, ചങ്ങനാശേരി, കറുകച്ചാൽ എന്നിവിടങ്ങളിലുള്ള ഓഫീസുകളും പൂട്ടി. ഇന്നലെ വൈകുന്നേരത്തോടെയാണ് പോലീസ് എത്തി ഓഫീസുകൾ പൂട്ടി സീൽ ചെയ്തത്. ഇതുവരെ ആറ് ഓഫീസുകൾ പൂട്ടി സീൽ ചെയ്തു കഴിഞ്ഞു.
ഈരാറ്റുപേട്ട നഗരസഭയിലെ തടവനാൽ ഡിവിഷനിൽ സ്ലോട്ടർ ഹൗസിന് സമീപമുള്ള പീസ്വാലി കൾച്ചറൽ സെന്റർ എന്ന പേരിൽ പ്രവർത്തിച്ച ഓഫീസാണ് പാലാ ഡിവൈഎസ്പി ഗിരീ്ഷ് പി. സാരഥിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നോട്ടീസ് പതിച്ച് പൂട്ടിയത്.
15 വർഷം മുൻപ് പോപ്പുലർ ഫ്രണ്ട് സ്വന്തമായിട്ട് മേടിച്ച സ്ഥലത്താണ് കെട്ടിടം സ്ഥിതി ചെയുന്നത്. കൾച്ചറൽ സംഘം എന്ന പേരിലാണ് ഇവിടെ പോപ്പുലർ ഫ്രണ്ട് പ്രവർത്തനം നടത്തിയിരുന്നത്.
എന്നാൽ സംഘടനയുടെ എല്ലാ കമ്മിറ്റികളും ഇവിടെയാണ് നടന്നിരുന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ യൂഎപിഎ നിയമപ്രകാരമാണ് പോലീസ് ഓഫീസിൽ നോട്ടിസ് പതിപ്പിച്ചത്.
നിലവിൽ ഇവിടെ പോലീസ് കാവൽ ഏർപ്പെടുത്തിയിട്ടുണ്ട്. ഓഫീസ് പൂട്ടുന്നത് അടക്കമുള്ള നടപടികൾ റവന്യൂ വകുപ്പ് സ്വീകരിക്കും.
പാലാ ഡിവൈഎസ്പി ഗിരീഷ് പി സാരഥി, ഈരാറ്റുപേട്ട എസ്എച്ച്ഒ ബാബു സെബാസ്റ്റ്യൻ, എസ്ഐമാരായ വി.വി. വിഷ്ണു, എം. സുജിലേഷ്, വർഗീസ് കുരുവിള എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് ഓഫീസ് പൂട്ടിയത്.
കുമ്മനം കളപ്പുരക്കടവിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഓഫീസ് കെട്ടിടമാണ് പോലീസ് പൂട്ടി സീൽ ചെയ്തത്. ഇവിടെ കായിക പരിശീലനവും കൂടിവരവുകളും ചർച്ചകളും നടത്തി വരുന്നതായി പോലീസിനു വിവരം ലഭിച്ചിരുന്നു.
നിരോധിത സംഘടനയായ പിഎഫ്ഐയുടെ പ്രവർത്തനങ്ങൾ തുടരാതിരിക്കാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരിനു നൽകിയ ഉത്തരവിനെ തുടർന്നാണ് നടപടി.
ജില്ലാ പോലീസ് ചീഫിന്റെ നോട്ടീസിനെ തുടർന്ന് ഇന്നലെ കളക്ടർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. പിഎഫ്ഐ കോട്ടയം ഡിവഷൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ സലാമിന്റെയും അക്ബർ ഷാ, മുഹമ്മദ് റഷീദ് എന്നീ വരുടേയും ഉടമസ്ഥതയിലുള്ള 13 സെന്റ് സ്ഥലത്താണ് ഓഫീസ് കെട്ടിടം പ്രവർത്തിച്ചു വന്നിരുന്നത്.
10 വർഷങ്ങൾക്കു മുന്പാണ് ഇവർ സ്ഥലം വാങ്ങി കെട്ടിടം നിർമിച്ചത്. കോട്ടയം ഡിവൈഎസ്പി കെ.ജി. അനീഷ്, കുമരകം എസ്എച്ച്ഒ ബിൻസ് ജോസഫ്, എസ്ഐ എസ്. സുരേഷ് എന്നിവരുടെ നേതൃത്വത്തിൽ കെട്ടിടം തുറന്ന് ഉള്ളിൽ പരിശോധന നടത്തിയശേഷമാണ് പൂട്ടി സീൽ ചെയ്ത് നോട്ടീസ് പതിച്ചത്.
കറുകച്ചാൽ പത്തനാടുള്ള പിഎഫ്ഐ ഓഫീസിൽ കറുകച്ചാൽ പോലീസ് പരിശോധന നടത്തി പൂട്ടി സീൽ ചെയ്യുന്നതിനുള്ള നടപടികൾ രാത്രിയിൽ തുടരുകയാണ്.
മുണ്ടക്കയം മുളങ്കയത്ത് പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസ് അടച്ചുപൂട്ടി സീൽ ചെയ്തു. ഇന്നലെ രാത്രി വൈകി കാഞ്ഞിരപ്പള്ളി തഹൽസിദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘത്തോടൊപ്പം മുണ്ടക്കയം പോലീസാണ് നടപടി സ്വീകരിച്ചത്.
എസ്ഡി പി ഐയുടെ ഓഫീസായിയാണ് ഇത് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ ദിവസം പോലീസ് എത്തി പരിശോധന നടത്തിയിരുന്നു.
പിന്നീട് നടത്തിയ വിശദമായ പരിശോധനയിൽ പോപ്പുലർ ഫ്രണ്ടിന്റെ മീറ്റിംഗുകളെല്ലാം നടന്നു വരുന്നത് ഇവിടെയാണെന്ന് പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓഫീസ് പൂട്ടി സീൽ ചെയ്തത്.