കൊച്ചി: നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്ഐ) സംസ്ഥാനത്തെ 56 കേന്ദ്രങ്ങളില്‍ എന്‍ഐഎ റെയ്ഡ്.
സംഘടനയുടെ രണ്ടാംനിര നേതാക്കള്‍, പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്കിയവര് എന്നിവരുടെ വീടുകളിലും പ്രധാന കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചിരുന്ന ഇടങ്ങളിലും ഇന്നു പുലർച്ചെ ഒരേസമയമായിരുന്നു പരിശോധന.
ഫോണുകളും ലഘുലേഖകളുമടക്കം നിരവധി രേഖകൾ പിടിച്ചെടുത്തതായി അറിയുന്നു. റെയ്ഡിനെതിരേ പ്രതിഷേധങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടില്ല.
പുലര്‍ച്ചെ മൂന്നിന് ആരംഭിച്ച റെയ്ഡിൽ ഡല്‍ഹിയില്‍നിന്നുള്ള എന്‍ഐഎ ഉദ്യോഗസ്ഥരും പങ്കെടുത്തു. ലോക്കൽ പോലീസിന്റെ സഹായത്താൽ നടത്തിയ പരിശോധനയിൽ വനിതാ പോലീസിന്റെ സേവനവും എന്‍ഐഎ ഉപയോഗപ്പെടുത്തി.
അഞ്ചു മണിക്കൂറിലേറെ റെയ്ഡ് നീണ്ടു. ആരെയും കസ്റ്റഡിയിലെടുത്തിട്ടില്ല. സ്വാഭാവിക പരിശോധനയാണ് നടക്കുന്നതെന്നും വിശദമായ പരിശോധനകള്‍ക്ക് ശേഷമേ മറ്റു നടപടികളിലേക്ക് കടക്കൂവെന്നും എന്‍ഐഎ വ്യക്തമാക്കി.
മാസങ്ങള്‍ക്ക് മുന്‍പ് രാജ്യവ്യാപകമായി പിഎഫ്ഐ നേതാക്കളുടെ വീടുകളില്‍ സമാനമായ രീതിയില്‍ എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് പിഎഫ്ഐ നിരോധിച്ചത്.
നിരോധനത്തിനുശേഷവും ചില നേതാക്കളും പ്രവര്‍ത്തകരും രഹസ്യാന്വേഷണ ഏജന്‍സികളുടെയും എന്‍ഐഎയുടെയും നിരീക്ഷണത്തിലായിരുന്നു.
സംഘടനയെ സജീവമാക്കി നിലനിര്‍ത്താന്‍ ശ്രമിക്കുന്നു എന്ന് സംശയിക്കുന്നവരെ കണ്ടെത്താനാണ് ഈ റെയ്ഡ് എന്നാണ് സൂചന.
പിഎഫ്ഐയുടെ പ്രവര്‍ത്തനങ്ങള്‍ എങ്ങിനെ തുടര്‍ന്നു കൊണ്ടുപോകാമെന്നതടക്കം നേതാക്കളുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസങ്ങളില്‍ യോഗം ചേര്‍ന്നെന്നാണ് എന്‍ഐഎക്ക് ലഭിച്ചിരിക്കുന്ന വിവരം.
നിരോധിച്ച സംഘടനകളുമായി നേരത്തെ പ്രവര്‍ത്തിച്ചിരുന്നവരെ കൂടെ കൂട്ടി പുതിയ പ്രവര്‍ത്തനം ആസൂത്രണം ചെയ്തുവെന്നും എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്.
എറണാകുളം ജില്ലയില്‍ ആലുവ, മൂവാറ്റുപുഴ, വൈപ്പിന്‍, പെരുമ്പവൂര്‍ എന്നിവിടങ്ങളിലായി 12 കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്.
ആലുവയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ശക്തികേന്ദ്രമായിരുന്ന ഉളിയന്നൂര്‍, കുഞ്ഞുണ്ണിക്കര ദ്വീപുകള്‍ കേന്ദ്രീകരിച്ചായിരുന്നു റെയ്ഡ്.
പരിശീലന കേന്ദ്രമായിരുന്ന പെരിയാര്‍ വാലിയുടെ സമീപത്തെ വീടുകളിലാണ് പുലര്‍ച്ചെ മുതല്‍ റെയ്ഡ് നടക്കുന്നത്. നേതാക്കളായിരുന്ന ഫായിസ്, മൊഹ്സീന്. എന്നിവരുടെ വീടുകളും ഇതില്‍ ഉള്‍പ്പെടും.
ആദ്യകാല റെയ്ഡില്‍ കടുങ്ങല്ലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന പെരിയാര്‍ വാലി ഓഡിറ്റോറിയം എന്‍ഐഎ റെയ്ഡ് നടത്തി അടച്ചു പൂട്ടിയിരുന്നു. രേഖകളും പിടിച്ചെടുത്തിരുന്നു.
കുഞ്ഞുണ്ണിക്കരയിലെ ഈ കെട്ടിടത്തിന് സമീപത്താണ് ഭൂരിഭാഗം നേതാക്കന്മാരും പ്രവര്‍ത്തകരും താമസിക്കുന്നത്.മൂവാറ്റുപുഴയില്‍ പിഎഫ്ഐ സംസ്ഥാന സമിതി അംഗമായിരുന്ന മൂവാറ്റുപുഴ സ്വദേശി എം.കെ. അഷറഫ് (തമര് അഷറഫ് )ന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്.
പുലര്ച്ചെമൂന്നോടെ എത്തിയ എന്‍ഐഎ സംഘം രാവിലെ എട്ടോടെയാണ് മടങ്ങിയത്. രേഖകള്‍ ശേഖരിച്ചതായിട്ടാണ് അറിയുന്നത്.
കൂടാതെ നേരത്തെ അടച്ചു പൂട്ടിയ പോപ്പുലര്‍ ഫ്രണ്ടിന്റെ ചില ഓഫീസുകളും എന്‍ഐഎ സംഘം തുറന്നുപരിശോധിച്ചു. വൈപ്പിനില്‍ എടവനക്കാടുള്ള ഒരു പ്രവര്‍ത്തകന്റെ വീട്ടിലാണ് പരിശോധന നടത്തിയത്.