രാജ്യവ്യാപകമായി പോപ്പുലര്‍ ഫ്രണ്ട് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡുകളില് അതി സങ്കീര്‍ണമായ പലതെളിവുകളും കണ്ടെടുത്തതായി അന്വേഷണ ഏജന്‍സികള്‍.
റെയ്ഡുകളില് വിവിധയിടങ്ങളില്‍നിന്നായി പിടിച്ചെടുത്ത രേഖകളുടെ വിശദാംശങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ പങ്കുവെച്ചത്.
ഖാദ്രയിലെ പോപ്പുലര്‍ ഫ്രണ്ട് നേതാവായ അഹമ്മദ് ബേഗ് നദ്വിയില്നിന്നും തീവ്രസ്വഭാവമുള്ള ഒരു ബുക്ക്ലെറ്റും പിടിച്ചെടുത്തിരുന്നു.
സ്ഫോടക വസ്തു നിര്‍മിക്കാനുള്ള ഹ്രസ്വകാല കോഴ്സ് എന്ന തലക്കെട്ടിലാണ് ഈ ബുക്ക്ലെറ്റിലെ കാര്യങ്ങള്‍ വിശദീകരിച്ചിരുന്നത്.
മഹാരാഷ്ട്രയിലെ പോപ്പുലര്‍ ഫ്രണ്ട് വൈസ് പ്രസിഡന്റില്‍നിന്നാണ് സി.ഡി.കളും മറ്റുലഘുലേഖകളും കണ്ടെടുത്തത്. മിഷന് 2047 പദ്ധതിയെക്കുറിച്ച് വിശദീകരിക്കുന്ന സി.ഡി.കളാണ് പിടിച്ചെടുത്തത്.
ഇതിനുപുറമേ ഭീകരസംഘടനയായ ഐ.എസുമായി ബന്ധപ്പെട്ട വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവുകളും പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍നിന്ന് പിടിച്ചെടുത്തതായും അന്വേഷണ ഏജന്‍സികള്‍ വ്യക്തമാക്കി.
പോപ്പുലര്‍ ഫ്രണ്ടിന് രാജ്യത്തെ 17 സംസ്ഥാനങ്ങളില്‍ സാന്നിധ്യമുണ്ടെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.
ഇവിടങ്ങളിലായി 1300-ലേറെ ക്രിമിനല്‍ കേസുകളാണ് സംഘടനയ്ക്കെതിരേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പോലീസും എന്‍.ഐ.എയും അടക്കം രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണമാണിത്.
28ന് രാവിലെയാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പോപ്പുലര്‍ ഫ്രണ്ട് അടക്കമുള്ള എട്ട് സംഘടനകള്‍ക്ക് നിരോധം ഏര്‍പ്പെടുത്തിയത്.
ഇതിനുപിന്നാലെയാണ് കഴിഞ്ഞദിവസങ്ങളില്‍നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും പുറത്തുവന്നത്. രാജ്യവ്യാപകമായി എന്‍.ഐ.എ.യും ഇ.ഡി.യും നടത്തിയ റെയ്ഡില്‍ ഇരുനൂറോളം പേരെ അറസ്റ്റ് ചെയ്തിരുന്നു.