
പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐ അടിയന്തരമായി ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിക്ഷേപകര്‍ സമരത്തിലേക്ക്.
നിക്ഷേപകര്‍ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സില്‍ നേതൃത്വത്തില്‍ ഇന്നു മുതല്‍ കോന്നി വകയാറിലെ ഹെഡ് ഓഫീസ് പടിക്കലാണ് സമരം. കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ചാകും സമരം. സര്‍ക്കാര്‍ നടപടികള്‍ ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് നിക്ഷേപകര്‍ കുറ്റപ്പെടുത്തി.
പണം നഷ്ടപ്പെട്ട നിക്ഷേപകര്‍ ആത്മഹത്യയുടെ വക്കിലാണിപ്പോള്‍. ഇതിനകം അഞ്ച് നിക്ഷേപകര്‍ മരണപ്പെട്ടതായും ആക്ഷന്‍ കൗണ്‍സില്‍ ഭാവാഹികള്‍ പറഞ്ഞു.
കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്നതിലും നിക്ഷേപകരുടെ മൊഴി എടുക്കുന്നതിലും താമസമുണ്ട്. സാമ്പത്തിക തട്ടിപ്പിന് കൂട്ടുനിന്ന മുഴുവന്‍പേരെയും അറസ്റ്റ് ചെയ്തിട്ടില്ല.
രാജ്യത്തിന് പുറേത്തക്കും നിയമ വിരുദ്ധമായി പണം കടത്തിയിട്ടും കണ്ടുപിടിക്കാനായിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. 2014 മുതല്‍ പോപ്പുലര്‍ ഗ്രൂപ്പ് തകര്‍ച്ചയിലാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.’
പോപ്പുലര്‍ ഗ്രൂപ്പുമായി ബന്ധപ്പെട്ട എല്ലാ ധനവിനിമയ പ്രവര്‍ത്തനങ്ങളും മരവിപ്പിക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.