പത്തനംതിട്ട: നിക്ഷേപ തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായ കോന്നി വകയാര്‍ പോപ്പുലര്‍ ഫിനാന്‍സ് ഉടമകളെയും രണ്ട് പെണ്മക്കളെയും കസ്റ്റഡിയില്‍ വാങ്ങാനുള്ള അപേക്ഷയുമായി പോലീസ് അന്വേഷണസംഘം ഇന്നു കോടതിയെ സമീപിക്കും.
പത്തനംതിട്ട ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഇതു സംബന്ധിച്ച അപേക്ഷ അന്വേഷണ ഉദ്യോഗസ്ഥന് നല്‍കുന്നത്. മാനേജിംഗ് പാര്‍ട്ണര്‍ തോമസ് ഡാനിയേല്‍ (റോയി), ഭാര്യയും കമ്പനി പാര്‍ട്ണറുമായ പ്രഭാ തോമസ്, മക്കളായ റിനു, റേബ എന്നിവരാണ് അറസ്റ്റിലായത്.
തുടര്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ കസ്റ്റഡിയില്‍ വേണമെന്നാണ് ആവശ്യം. കേസിലെ അന്വേഷണ പുരോഗതി ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തില്‍ ഇന്നലെ വിലയിരുത്തി.
ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അടക്കമുള്ളവരുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ഐജി സംസാരിച്ചത്. പോപ്പുലര്‍ ഫിനാന്‍സ് പ്രവര്‍ത്തിച്ചത് റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ പാലിക്കാതെയാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
2014 മുതല്‍ പോപ്പുലര്‍ ഫിനാന്‍സിന് നിക്ഷേപം സ്വീകരിക്കാന്‍ നിയമപരമായി അനുമതി ഉണ്ടായിരുന്നില്ല. 12 ശതമാനം പലിശയാണ് പോപ്പുലര്‍ ഫിനാന്‍സ് വാഗ്ദാനം ചെയ്യുന്നത്. ഇത് റിസര്‍വ് ബാങ്ക് മാനദണ്ഡങ്ങള്‍ക്ക് എതിരാണ്.
2014ല്‍ ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതോടെയാണ് പോപ്പുലര്‍ ഫിനാന്‍സിന് നിയമപരമായ തടസങ്ങളുണ്ടായത്.ഇതോടെയാണ് കൂടുതല്സ്ഥാപനങ്ങള് ആരംഭിച്ച് നിക്ഷേപം സ്വീകരിച്ചു തുടങ്ങിയത്.
ഓരോ മാസവും ഓരോ സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്കാണ് നിക്ഷേപത്തുക കൈമാറിയിരുന്നത്. ഇടപാടുകാര്‍ക്ക് പല പേരുകളിലുള്ള നിക്ഷേപ സര്‍ട്ടിഫിക്കറ്റുകളാണ് നല്‍കിയിരുന്നത്. നിക്ഷേപങ്ങളുടെ പലിശ നിരക്കും പല രീതിയിലാണ് ക്രമീകരിച്ചിരുന്നത്.
ഏഴ് വര്‍ഷം കൊണ്ട് പണം ഇരട്ടിയാകുന്ന എംആര്‍പിഎന്‍ സ്കീം, അഞ്ചുവര്‍ഷം കൊണ്ട് നിക്ഷേപം ഇരട്ടിയാകുന്ന സാന്‍ പോപ്പുലര്‍ ബോണ്ട്, മൈ പോപ്പുലര്‍ മറൈന്‍, മേരി റാണി നിധി ലിമിറ്റഡ്, സാന്‍ പോപ്പുലര്‍ ഇ കംപ്ലയന്‍സ്,
സാന്‍ പോപ്പുലര്‍ ബിസിനസ്, സൊലുഷന് സാന്‍ ഫ്യൂവല്‍സ്, പോപ്പുലര്‍ എക്സ്പോര്‍ട്സ്, പോപ്പുലര്‍ പ്രിന്റേഴ്സ്, വകയാര്‍ ലാബ് തുടങ്ങിയ പേരുകളിലെല്ലാം നിക്ഷേപം സ്വീകരിച്ചിട്ടുള്ളതായി അന്വേഷണത്തില്‍ കണ്ടെത്തി.പോപ്പുലര്‍ ഫിനാന്‍സ് ഇടപാടുകള്‍ സ്തംഭിച്ചതോടെ ജീവനക്കാരും പ്രതിസന്ധിയിലായി.
ജീവനക്കാരില്‍ ഭൂരിഭാഗവും പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം നടത്തിയവരാണ്. അവിടെ ജോലി ചെയ്തു വിരമിച്ചവര്‍ക്കും നിക്ഷേപമുണ്ട്. ഓരോമാസവും ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് നല്‍കിയിരുന്നു.
ഇതു കാരണം ഓരോ മാസവും നിക്ഷേപം കൂട്ടാന്‍ ജീവനക്കാർ തങ്ങളുടെ പണവും ബന്ധുക്കളുടെ പണവുമെല്ലാം പോപ്പുലര്‍ ഫിനാന്‍സിന്റെ അക്കൗണ്ടിലായി. ഇപ്പോള്‍ ഇടപാടുകള്‍ സ്തംഭിച്ചതോടെ ജീവനക്കാര്‍ക്ക് പുറത്തിറങ്ങാനാകാത്ത അവസ്ഥയാണ്.