പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുകേസില്‍ സിബിഐ അന്വേഷണം ആരംഭിച്ചു. പോപ്പുലര്‍ ഫിനാന്‍സ് എംഡി തോമസ് ഡാനിയേല്‍, മകളും സ്ഥാപനത്തിന്റെ സിഇഒയുമായ റീനു മറിയം എന്നിവരെ ഇന്നലെ വകയാറിലെ പോപ്പുലര്‍ ആസ്ഥാനത്ത് എത്തിച്ചു തെളിവെടുത്തു.
10 പേരടങ്ങുന്ന സിബിഐ സംഘമാണ് അന്വേഷണത്തിനെത്തിയത്. ആദ്യം കേസന്വേഷിച്ച പോലീസില്‍ നിന്ന് ലഭിച്ച തെളിവുകള്‍ പരിശോധിച്ചു. തുടര്‍ന്ന് സ്ഥാപനങ്ങളിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പ്രതികളില്‍ നിന്ന് വിശദ വിവരങ്ങള്‍ തേടി.
സ്ഥാപനത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചിരുന്നതിനാല്‍ ഇലക്ട്രോണിക് ഡേറ്റകള്‍ പരിശോധിക്കാന്‍ സിബിഐയ്ക്ക് കഴിഞ്ഞില്ല.
പോപ്പുലര്‍ ഫിനാന്‍സിലെ വിവിധ ബ്രാഞ്ചുകളിലെ മാനേജര്‍മാരെയും ചില ജീവനക്കാരെയും വിളിച്ചു വരുത്തി വിശദ മൊഴിയെടുത്തു.
പ്രതികളുടെ ഉടമസ്ഥതയിലുള്ള ഏതെല്ലാം സ്ഥാപനങ്ങളിലേക്കാണ് പണം വകമാറ്റി വിനിയോഗിച്ചതെന്നായിരുന്ന പ്രധാന അന്വേഷണം. തെളിവെടുപ്പ് വിവരമറിഞ്ഞ് നിരവധി നിക്ഷേപകരും സ്ഥലത്ത് എത്തിയിരുന്നു.
കൊച്ചി സിബിഐ യൂണിറ്റിനാണ് കേസന്വേഷണ ചുമതല. ഡിവൈഎസപി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.