പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ജീവനക്കാരില്‍ നിന്ന് അന്വേഷണസംഘം ശേഖരിച്ചു തുടങ്ങി.
പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപം സ്വീകരിച്ചിരുന്ന രീതികള്‍, നല്‍കിയിരുന്ന രസീതുകള്‍, സ്വര്‍ണപ്പണയം ഇടപാടുകള്‍ ഇവയില്‍ നിര്‍ണായകമായ വിവരങ്ങളാണ് ഇന്നലെ ജീവനക്കാരില്‍ നിന്നു ലഭിച്ചത്.
ഹെഡ് ഓഫീസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചിരുന്ന ജീവനക്കാരെയാണ് അന്വേഷണസംഘം ഇന്നലെ പ്രധാനമായും ചോദ്യം ചെയ്തത്. മറ്റുള്ളവരില്‍ നിന്നുള്ള വിവരശേഖരണവും തുടരും.
പോപ്പുലര്‍ ഫിനാന്‍സിന്റെയും അനുബന്ധ സ്ഥാപനങ്ങളുടെയും പേരിലാണ് നിക്ഷേപം സ്വീകരിച്ചുവന്നിരുന്നത്. ഓരോ മാസവും ഓരോ ശാഖയില്‍ വ്യത്യസ്ത രീതിയിലാണ് രസീത് നല്‍കുന്നത്. നിക്ഷേപം സ്വീകരിക്കാന്‍ നിയമപരമായ തടസമുള്ളതിനാലാണ് ഇത്തരം രീതി അവലംബിച്ചിരുന്നതെന്നാണ് ഉടമകള്‍ നല്കിയ വിശദീകരണം.
എന്നാല്‍ അനുബന്ധ സ്ഥാപനങ്ങളുടെ പേരില്‍ വാങ്ങുന്ന നിക്ഷേപത്തിന്റെ ഇടപാടുകളും നിക്ഷേപം പിൻവലിക്കലും പ്രധാന അക്കൗണ്ട് മുഖേനയാണ് നടന്നിരുന്നത്. സ്വര്‍ണപ്പണയവുമായി ബന്ധപ്പെട്ടും തിരിമറികള്‍ നടന്നിരുന്നു. ഇടപാടുകാരില്‍ നിന്ന് കൂടിയ പലിശയ്ക്ക് എടുക്കുന്ന സ്വര്‍ണപ്പണയം വാണിജ്യ ബാങ്കുകളില്‍ സ്ഥാപനത്തിന്റെ പേരില്‍ കുറഞ്ഞ പലിശയ്ക്ക് പണയം വച്ചിരുന്നു.
ഇടപാടുകാര്‍ എത്തുമ്പോള്‍ പണം സ്വീകരിച്ചശേഷം പുറത്തുപോയി സ്വര്‍ണം എടുത്തുകൊണ്ടുവരുകയായിരുന്നു രീതി. ഈ പണം ഹെഡ്ഓഫീസ് അക്കൗണ്ടിലേക്ക് അടച്ചുവന്നിരുന്നുവെന്നാണ് ജീവനക്കാരുടെ മൊഴി. ജീവനക്കാരുടെ മൊഴി കൂടി സ്വീകരിച്ചശേഷം ഇതു സംബന്ധിച്ച് നിലവില്‍ റിമാന്‍ഡിലുള്ള ഉടമയുടെയും മക്കളുടെയും വിശദീകരണം കൂടി കേള്‍ക്കാനാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
റിമാന്‍ഡിലുള്ളവരുടെ കസ്റ്റഡി അപേക്ഷയില്‍ കോടതി തിങ്കളാഴ്ച തീരുമാനം അറിയിക്കും. ഇതിനിടെ പോപ്പുലര്‍ ഫിനാന്‍സ് ഇടപാടുകളില്‍ ആദായ നികുതി വകുപ്പിന്റെ അന്വേഷണ വിഭാഗം നിക്ഷേപകരുടെ വിവരങ്ങള്‍ ശേഖരിച്ചു തുടങ്ങി.
നിക്ഷേപകരുടെ വരുമാന സ്രോതസാണ് പ്രധാനമായും തേടുന്നത്. നിയമപരമായ മാര്‍ഗങ്ങളിലൂടെ പണം സമ്പാദിച്ചവരും അനധികൃതമായി സമ്പാദിച്ചവരും നിക്ഷേപകരുടെ കൂട്ടത്തിലുണ്ടെന്നാണ് ആദായ നികുതി വകുപ്പിന്റെ വിലയിരുത്തല്‍.
തട്ടിപ്പ് കേസില്‍ പോലീസ് അന്വേഷണത്തിന് സമാന്തരമായാണ് ആദായ നികുതി വകുപ്പും നീങ്ങുന്നത്.അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് മാനേജിംഗ് പാര്‍ട്ണര്‍ തോമസ് ഡാനിയേലിന്റെ ഒരു മകളും ബന്ധുവുമാണ് സ്ഥാപനത്തെ തകര്‍ച്ചയിലേക്ക് നയിച്ചതെന്ന് നയിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.