പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് റിമാന്‍ഡിലുള്ള നാല് പ്രതികളെയും കൂടുതല്‍ ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യവുമായി പോലീസ് അന്വേഷണസംഘം.
ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിലായിരുന്ന പ്രതികളെ ഇന്ന് തിരികെ കോടതിയില്‍ ഹാജരാക്കണം. ഇതിനുശേഷമേ കസ്റ്റഡി നീട്ടണമോയെന്ന കാര്യത്തില്‍ തീരുമാനമുണ്ടാകൂ.
നിലവില്‍ സ്വര്‍ണവും വസ്തുവകകളും ഉള്‍പ്പെടെ ഉടമകളുടെ ആസ്തി 125 കോടിയുടേതാണെന്ന നിഗമനത്തിലാണ് അന്വേഷണസംഘമുള്ളതെന്ന് പത്തനംതിട്ട എസ്പി കെ.ജി. സൈമണ്‍ പറഞ്ഞു.
നിക്ഷേപകരുടെ സ്വര്‍ണം ഉപയോഗിച്ച് ദേശസാല്‍കൃത ബാങ്കുകളില്‍ നിന്ന് 70 കോടിയോളം രൂപയാണ് ഉടമകള്‍ വായ്പ എടുത്തിരിക്കുന്നതെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.
തിരുവനന്തപുരത്തും പൂനെയിലും സ്വന്തമായി ഫ്ളാറ്റുകള്‍ ഉണ്ടായിരുന്നു. ഇവ കുറഞ്ഞ വിലയ്ക്ക് മറ്റൊരാള്‍ക്ക് കൈമാറിയതായും കണ്ടെത്തി. ഉടമകളുടെ 13 വാഹനങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
തട്ടിപ്പുമായി ബന്ധപ്പെട്ട് നിലവില്‍ 10 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 500 ലധികം പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇവ കോന്നി പോലീസ് സ്റ്റേഷന് കേന്ദ്രീകരിച്ചാണ് അന്വേഷിക്കുന്നത്.
2,000 കോടിയിലധികം രൂപയുടെ തട്ടിപ്പാണ് നടന്നിട്ടുള്ളതെന്നാണ് സൂചന.വിവിധ സ്ഥലങ്ങളിലെ തെളിവെടുപ്പുകള്‍ പൂര്‍ത്തിയാക്കിയ പ്രതികളെ ഇന്നു രാവിലെ പത്തനംതിട്ട കോടതിയിലെത്തിക്കും.
പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റീനു, റേബ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. കേസില്‍ പ്രതിചേര്‍ത്തിരിക്കുന്ന തോമസിന്റെ മറ്റൊരു മകളും സ്ഥാപന ഡയറക്ടറുമായ റിയയെ ഇനി പിടികൂടാനുണ്ട്.
ഇവരെ സംബന്ധിച്ച വിശദമായ വിവരം ശേഖരിച്ചതായും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.പോപ്പുലര്‍ ഫിനാന്‍സ് ഉടമ നല്‍കിയിട്ടുള്ള പാപ്പര്‍ ഹര്‍ജിയും ഇന്നു കോടതിയുടെ പരിഗണനയ്ക്കു വരികയാണ്.
പത്തനംതിട്ട സബ് കോടതിയില്‍ വിവിധ സ്ഥാപനങ്ങളുടേതായി എട്ട് ഹര്‍ജികളാണ് നല്‍കിയിരിക്കുന്നത്. നിക്ഷേപകര്‍ നല്‍കിയിട്ടുള്ള 25 ഹര്‍ജികളും സബ്കോടതിയുടെ പരിഗണനയിലുണ്ട്. ഇതിന്റെ ഭാഗമായി സ്ഥാപനത്തിന്റെ ഹെഡ് ഓഫീസിനു മുമ്പില്‍ ജപ്തി നോട്ടീസ് അടക്കം പതിച്ചിട്ടുണ്ട്.
ഇതിനിടെ പോപ്പുലര്‍ തട്ടിപ്പുകേസില്‍ എന്ഫോഴ്സ്മെന്റ്് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. പോലീസില്‍ നിന്നുള്ള രേഖകള്‍ എന്ഫോഴ്സ്മെന്റ്് ഉദ്യോഗസ്ഥര്‍ ഏറ്റുവാങ്ങി.
സ്ഥാപനവുമായി നേരിട്ട് ബന്ധമുണ്ടായിരുന്നതായി കണ്ടെത്തിയ മറ്റു ചിലരെ കൂടി പ്രതി ചേര്‍ക്കുന്ന കാര്യത്തില്‍ അന്വേഷണസംഘം രണ്ടുദിവസത്തിനകം തീരുമാനമെടുക്കും.
കേസന്വേഷണത്തിന്റെ മേല്‍നോട്ടം വഹിക്കുന്ന ഐജി ഹര്‍ഷിത അട്ടല്ലൂരി, ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ എന്നിവരുമായും അന്വേഷണ പുരോഗതി ചര്‍ച്ച ചെയ്തു.