പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പു കേസില്‍ ഇതുവരെ ലഭിച്ചത് 3,000 പരാതികള്‍. 1600 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് കണ്ടെത്തിയിട്ടുള്ളത്. പോലീസിന്റെ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഹൈക്കോടതിക്കു കൈമാറിയിട്ടുണ്ട്.
സിബിഐ അന്വേഷണത്തെ സംബന്ധിച്ച ആവശ്യത്തില്‍ ഹൈക്കോടതിയുടെ തീരുമാനവും ഇന്നുണ്ടാകും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള 238 ശാഖകളിലായി 20,000 ലേറെ നിക്ഷേപകര്‍ ഉണ്ടായിരുന്നു. വന്‍തുക നിക്ഷേപിച്ചവരില്‍ പലരും ഇപ്പോഴും പരാതിക്കാരായി എത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
തട്ടിപ്പിനെ സംബന്ധിച്ചു ലഭിച്ച പരാതികളില്‍ അന്വേഷണത്തിനു രൂപീകരിച്ച പ്രത്യേക സംഘം വിശദമായ അന്വേഷണം നടത്തിയാണ് റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ തയാറാക്കിയ റിപ്പോര്‍ട്ട് ഡിജിപി മുഖേനയാണ് ഹൈക്കോടതിയില്‍ സമർപ്പിച്ചിട്ടുള്ളത്.
പ്രതികള്‍ പണം വിദേശരാജ്യങ്ങളിലെ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ അടുത്ത ബന്ധുക്കള്‍ ഓസ്ട്രേലിയയിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഏഴു വര്‍ഷംകൊണ്ട് നിക്ഷേപത്തിന്റെ ഇരട്ടി നല്‍കാമെന്ന് പറഞ്ഞാണ് പണം സ്വീകരിച്ചത്.
കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമം, ആദായനികുതി നിയമം തുടങ്ങിയവ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതികള്‍ ചെയ്തിട്ടുള്ളത്. പത്തനംതിട്ട സബ് കോടതിയില്‍ പ്രതികള്‍ എട്ട് പാപ്പര്‍ ഹര്‍ജികള്‍ നല്‍കിയിട്ടുണ്ട്.
പോലീസിന്റെ വിശദമായ അന്വേഷണത്തില്‍ സംസ്ഥാനത്തിനകത്തും അയല്‍ സംസ്ഥാനങ്ങളിലുമായി പോപ്പുലര്‍ ഉടമകളുടെ പേരിലുണ്ടായിരുന്ന വസ്തുവകകളുടെ 22 ആധാരങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ട്.
123 കോടി രൂപയുടെ ആസ്തിയാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. തമിഴ്നാട്ടില്‍ 57 ഏക്കര്‍ സ്ഥലവും ആന്ധ്രാപ്രദേശില്‍ 12 ഏക്കര്‍ സ്ഥലവും കണ്ടെടുത്തു. ആഡംബര വാഹനങ്ങള്‍ അടക്കം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതര സംസ്ഥാന രജിസ്ട്രേഷനിലുള്ളതടക്കം 12 വാഹനങ്ങളാണ് പിടിച്ചെടുത്തിട്ടുള്ളത്. പ്രത്യേകസംഘങ്ങളായി തിരിഞ്ഞാണ് പോലീസ് അന്വേഷണം നടത്തിയത്.