പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസ് സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനവും ഹൈക്കോടതി നിര്‍ദേശവും വന്നുവെങ്കിലും നിലവിലെ അന്വേഷണം നല്ലരീതിയില്‍ മുമ്പോട്ടു കൊണ്ടുപോകുകയാണെന്ന് ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണ്‍ അറിയിച്ചു. സിബിഐ അന്വേഷണം ഏറ്റെടുക്കുന്നതുവരെ നിലവിലെ അന്വേഷണം ശക്തമായി തുടരാനും തെളിവുകൾ ശേഖരിച്ചു നല്‍കാനുമാണ് തീരുമാനം. കേസില്‍ കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെടാനുള്ള സാധ്യതയും അന്വേഷണസംഘം തള്ളിക്കളയുന്നില്ല.
നിലവില്‍ റിമാന്‍ഡിലുള്ള അഞ്ചുപ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. നേരത്തെ അറസ്റ്റിലായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ തോമസ് ദാനിയേല്‍, ഭാര്യ പ്രഭ, മക്കളായ ഡോ.റീനു, റേബ എന്നിവരെ പോലീസ് ഒരാഴ്ചയോളം കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീട് ഇവരെ കോടതിയില്‍ തിരികെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണസംഘം നല്കിയ അപേക്ഷ 22നു കോടതി പരിഗണിക്കും. ഇന്നലെ റിമാന്‍ഡിലായ ഡോ.റിയാ തോമസിനെയും കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പോലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച രാത്രി നിലമ്പൂരിലെ ഭര്‍തൃഗൃഹത്തില്‍ നിന്നാണ് ഡോ.റിയയെ പിടികൂടിയത്. ജില്ലാപോലീസ് ആസ്ഥാനത്തെത്തിച്ച റിയയില്‍ നിന്ന് ജില്ലാപോലീസ് മേധാവി നേരിട്ട് വിവരങ്ങള്‍ തേടിയിരുന്നു. സൈബര്‍ സെല്ലിലെ വിദഗ്ധരുടെ സഹായത്തോടെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. പ്രതിയെ തെളവെടുപ്പിനുശേഷം കോടതിയില്‍ ഹാജരാക്കുമെന്നും, തുടര്‍ന്നു കസ്റ്റഡിയില്‍ വാങ്ങുമെന്നും ജില്ലാപോലീസ് മേധാവി പറഞ്ഞു.