പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് ഉടമകള്‍ നല്കിയ പാപ്പര്‍ ഹര്‍ജിയില്‍ പത്തനംതിട്ട സബ് കോടതിയില്‍ വാദം തുടങ്ങി. കേസ് സിവില്‍ കോടതിയുടെ പരിഗണനയ്ക്കെടുക്കാനാകില്ലെന്ന വാദം ഉയര്‍ന്നതോടെ വിശദമായ വാദത്തിനായി കേസ് ഒക്ടോബര്‍ 15ലേക്കു മാറ്റുകയായിരുന്നു.
ഹര്‍ജി സിവില്‍ കോടതിയുടെ പരിഗണനാ വിഷയമല്ലെന്ന് ചൂണ്ടിക്കാട്ടി നിക്ഷേപകരില്‍ ഒരാളാണ് തടസ ഹര്‍ജി നല്‍കിയത്. ഇന്ത്യന്‍ പാര്‍ട്ണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്ത ആറ്
സ്ഥാപനങ്ങളുടെ പേരിലും വായ്പ നേടിയ ഇനത്തില്‍ ബാങ്കുകളെ എതിര് കക്ഷികളാക്കിക്കൊണ്ടും സമര്‍പ്പിച്ച ഹര്‍ജി സബ് കോടതിക്ക് പരിഗണിക്കാനാവില്ലെന്ന വിഷയത്തിലാണ് വാദം തുടങ്ങിയത്.
തൃപ്പൂണിത്തുറ സ്വദേശി ജോര്‍ജ് എന്ന നിക്ഷേപകന് ഈ വിഷയം ഉന്നയിച്ച് പ്രത്യേക ഹര്‍ജിയും സമര്‍പ്പിച്ചു. ഇക്കാര്യം പഠിക്കാന്‍ പോപ്പുലര്‍ ഫിനാന്‍സിന്റെ അഭിഭാഷകന് സാവകാശം തേടി.
തുടര്‍ന്നാണ് കേസ് പരിഗണിക്കുന്നത് കോടതി ഒക്ടോബര്‍ 15ലേക്ക് മാറ്റിയത്. തട്ടിപ്പുമായി ബന്ധപ്പെട്ട നിയമ നടപടികള്‍ക്ക് പ്രത്യേക കോടതി വേണമെന്ന് ആവശ്യപ്പെടുന്ന നിക്ഷേപകരുടെ ഹര്‍ജി ഒക്ടോബര്‍ എട്ടിന് ഹൈക്കോടതി പരിഗണിക്കും.