സ്വന്തം ലേഖകന്‍
കോഴിക്കോട്: പോപ്പുലര്‍ ഫിനാന്‍സ് സാമ്പത്തിക തട്ടിപ്പ് കേസില്‍ തുടരന്വേഷണം നിലച്ചു. സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്കു കൈമാറിയ സാഹചര്യത്തില്‍ കൂടുതല്‍ അന്വേഷിക്കേണ്ടതില്ലെന്ന നിലപാടിലാണ് പോലീസ്.
പരാതികള്‍ സ്വീകരിക്കുകയും മൊഴി രേഖപ്പെടുത്തിയ ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയും മാത്രമാണിപ്പോള്‍ നടക്കുന്നത്. സിബിഐയ്ക്ക് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറത്തിറങ്ങിയെങ്കിലും അന്വേഷണം സിബിഐ ഏറ്റെടുത്തതായി അറിയിപ്പ് ലഭിച്ചിട്ടില്ല.
നേരത്തെ ഐജി ഹര്‍ഷിത അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള 25 അംഗ സംഘമായിരുന്നു കേസ് അന്വേഷിച്ചത്. അഞ്ചു പ്രതികളെയും കസ്റ്റഡിയിലെടുത്തിരുന്നു. പല തെളിവുകളും ശേഖരിക്കുകയും ചെയ്തിരുന്നു.
പരാതിക്കാർ ഒഴുകുന്നു
സംസ്ഥാനത്ത് രണ്ടായിരം കോടിയിലേറെ രൂപയുടെ സാമ്പത്തിക തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് നടത്തിയതെന്നാണ് പോലീസ് കണ്ടെത്തല്‍. വിദേശരാജ്യങ്ങളിലടക്കം പ്രതികള്‍ നിക്ഷേപങ്ങള്‍ നടത്തിയതിനാല്‍ അന്വേഷിക്കാന്‍ പോലീസിനു പരിമിതികളുണ്ട്.
ഈ സാഹചര്യത്തിലാണ് കേസ് സിബിഐക്കു വിട്ടത്. ആദ്യഘട്ടത്തില്‍ തട്ടിപ്പിനിരയായവരുടെ പരാതികളില്‍ ഒറ്റ എഫ്ഐആര്‍ മതിയെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചിരുന്നത്.
തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത പരാതികള്‍ പത്തനംതിട്ട കോന്നി പോലീസിന് കൈമാറി. എന്നാല്‍ ഓരോ പരാതിക്കും പ്രത്യേക കേസും എഫ്ഐആറും വേണമെന്ന് ഹൈകോടതി നിര്‍ദേശിച്ചു.
പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് ഇപ്പോള്‍ വീണ്ടും പരാതിക്കാരുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചു.
ഇന്നലെ ആറു കേസുകൾ
കോഴിക്കോട് സിറ്റിയില്‍ ഇന്നലെ മാത്രം ആറു കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തു. മാവൂരില്‍ ഒരു കേസും കസബ പോലീസില്‍ മൂന്നും ചേവായൂരില്‍ രണ്ടും കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. അതേസമയം 140 ലേറെ പരാതികളാണ് ഇതിനകം ലഭിച്ചത്. ഇതില്‍ 20 ഓളം കേസുകള്‍ ഇതുവരെ രജിസ്റ്റര്‍ ചെയ്തു.
വരും ദിവസങ്ങളിലും പരാതിക്കാരുടെ മൊഴിയെടുത്ത് കൂടുതല്‍ കേസ് രജിസ്റ്റര്‍ ചെയ്യും. കോഴിക്കോട് ജില്ലയില്‍ മാത്രം അഞ്ച് കോടി രൂപയെങ്കിലും നിക്ഷേപകര്‍ക്ക് നഷ്ടമായിട്ടുണ്ടെന്നാണ് പോലീസിന്റെ പ്രാഥമിക കണക്ക്.
ഒരു പോലീസ് ജില്ലയിലെ വിവിധ സ്റ്റേഷനുകളിയി നൂറിലേറെ പരാതികളാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒരു സ്റ്റേഷനില്‍ തന്നെ 70 മുതല്‍ 100 പരാതികള്‍ വരെ ലഭിക്കുന്നുണ്ട്.
ഇവയ്ക്കെല്ലാം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും കേസെടുക്കുകയും ചെയ്യുകയെന്നത് ഏറെ സങ്കീര്‍ണമാണെന്നാണ് പോലീസ് പറയുന്നത്. ലഭിക്കുന്ന പരാതികളുടെ ക്രമമനുസരിച്ച് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയാണിപ്പോള്‍ ചെയ്യുന്നത്. ഇതിന് കാലതാമസവും നേരിടുന്നുണ്ട്.