സ്വന്തം ലേഖകന്‍
കോഴിക്കോട്: സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പു നടത്തിയ പോപ്പുലര്‍ ഫിനാന്‍സുമായി ബന്ധപ്പെട്ട് കേസ് ഫയലുകള്‍ മലയാളത്തില്‍ വേണ്ടെന്ന് സിബിഐ.
സംസ്ഥാന പോലീസ് അന്വേഷിച്ച കേസിന്റെ മുഴുവന്‍ രേഖകളും ഇംഗ്ലീഷില്‍ വേണമെന്നാണ് സിബിഐ ആവശ്യപ്പെട്ടത്.
ഇതോടെ ഇതുവരെ മലയാളത്തില്‍ തയാറാക്കിയ രേഖകള്‍ മുഴുവനും ഇംഗ്ലീഷിലേക്ക് തര്ജമചെയ്യുന്ന തിരക്കിലാണ് അന്വേഷണസംഘാംഗങ്ങള്‍.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത 1368 കേസുകളാണ് സിബിഐയ്ക്ക് കൈമാറിയത്. കേസുകളില്‍ പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതും മലയാളത്തിലാണ്.
എന്നാല്‍ കേസ് വിവരങ്ങളും അന്വേഷണത്തില്‍ കണ്ടെത്തിയ വസ്തുതകളുമെല്ലാം ഇംഗ്ലീഷിലേക്ക് തര്‍ജമ ചെയ്ത് മൊഴി മലയാളത്തില്‍ തന്നെ അയച്ചു കൊടുക്കാനുള്ള നടപടികളിലാണ് പോലീസ്.
നേരത്തെ പോപ്പുലര്‍ ഫിനാന്‍സ് കേസിന്റെ അന്വേഷണം ഏറ്റെടുക്കാന്‍ സിബിഐ വിമുഖത കാണിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ കേസ് കൈമാറിയിട്ടും ഏറ്റെടുക്കാന്‍ കഴിയില്ലെന്നായിരുന്നു സിബിഐ ഹൈക്കോടതിയെ അറിയിച്ചത്.
എന്നാല്‍ ഹൈക്കോടതി കേസ് ഏറ്റെടുക്കാന്‍ ഉത്തരവിട്ടു. 2000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പാണ് പോപ്പുലര്‍ ഫിനാന്‍സ് നടത്തിയത്.
കേസില്‍ പ്രധാന പ്രതികളായ പോപ്പുലര്‍ ഫിനാന്‍സ് ഉടമ ഡാനിയേല്‍, ഭാര്യ പ്രഭ, മക്കളായ റിനു, റീബ, റിയ എന്നിവരെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
വിദേശരാജ്യങ്ങളിലടക്കം പ്രതികള്‍ നിക്ഷേപങ്ങള്‍ നടത്തിയതിനാല്‍ അന്വേഷിക്കാന്‍ പോലീസിനു പരിമിതികളുണ്ട്. ഈ സാഹചര്യത്തിലാണ് കേസ് സിബിഐയ്ക്കു വിട്ടത്.
ആദ്യഘട്ടത്തില്‍ തട്ടിപ്പിനിരയായവരുടെ പരാതികളില്‍ ഒറ്റ എഫ്ഐആര്‍ മതിയെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവി നിര്‍ദേശിച്ചത്.
തുടര്‍ന്ന് വിവിധ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റര്‍ ചെയ്ത പരാതികള്‍ പത്തനംതിട്ട കോന്നി പോലീസിന് കൈമാറി.
എന്നാല്‍ ഓരോ പരാതിക്കും പ്രത്യേക കേസും എഫ്ഐആറും വേണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു.
പുതിയ നിര്‍ദേശത്തെ തുടര്‍ന്ന് വീണ്ടും പരാതിക്കാരുടെ പരിധിയിലുള്ള സ്റ്റേഷനുകളില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തീരുമാനിച്ചു. കോഴിക്കോട് സിറ്റിയില്‍ മാത്രം നൂറിലേറെ പരാതികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് .