യുണൈറ്റഡ് നേഷൻസ്: അടുത്തവർഷം ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായി മാറുമെന്നു യുഎൻ റിപ്പോർട്ട്.
യുഎന്നിന്റെ ഇക്കണോമിക് ആൻഡ് സോഷ്യൽ അഫയേഴ്സ് ഡിപ്പാർട്ട്മെന്റിന്റെ ദ വേൾഡ് പോപ്പുലേഷൻ പ്രോസ്പെക്സ് 2022 ആണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ വർഷം നവംബറോടെ ലോകജനസംഖ്യ എണ്ണൂറു കോടിയാകുമെന്നാണു വിലയിരുത്തൽ. ലോക ജനസംഖ്യാദിനത്തോട്(ജൂലൈ 11) അനുബന്ധിച്ചാണു റിപ്പോർട്ട് പുറത്തുവിട്ടത്.
ആഗോള ജനസംഖ്യാ വളർച്ച 1950നുശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലാണ്. 2020ൽ വളർച്ചാനിരക്ക് ഒരു ശതമാനത്തിൽ താഴെയെത്തി.
ലോകജനസംഖ്യ 2030ഓടെ 850 കോടിയും 2050ഓടെ 970 കോടിയുമാകുമെന്നാണു കണക്കുകൂട്ടുന്നത്. 2080കളിൽ ലോകജനസംഖ്യ 1040 കോടിയാകുമെന്നും 2100 വരെ ആ നിലയിൽ തുടരുമെന്നും പ്രതീക്ഷിക്കുന്നു.
2023ൽ ജനസംഖ്യയുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണു റിപ്പോർട്ട് പറയുന്നത്. നിലവിൽ ചൈനയിൽ 142.6 കോടി ജനങ്ങളുണ്ട്. ഇന്ത്യയിലെ ജനസംഖ്യ 141.2 കോടിയാണ്.
2050ൽ ഇന്ത്യയിലെ ജനസംഖ്യ 166.8 കോടിയാകുമെന്നും ചൈനയിലേത് 131.7 കോടിയായി ചുരുങ്ങുമെന്നുമാണു കണക്കാക്കുന്നത്.
ഈസ്റ്റേൺ, സൗത്ത്-ഈസ്റ്റേൺ ഏഷ്യ(230 കോടി ജനങ്ങൾ), സെൻട്രൽ-സതേൺ ഏഷ്യ(210 കോടി) എന്നീ മേഖലകളാണു ലോകത്ത് ഏറ്റവും ജനസാന്ദ്രതയേറിയത്.
ലോകജനസംഖ്യയുടെ 55 ശതമാനവും വസിക്കുന്നത് ഈ മേഖലകളിലാണ്. 2050വരെയുള്ള ജനസംഖ്യാ വർധനയുടെ പകുതിയിലേറെയും എട്ടു രാജ്യങ്ങളിലാണ് ഉണ്ടാകുക.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ഈജിപ്ത്, എത്യോപ്യ, ഇന്ത്യ, നൈജീരിയ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ടാൻസാനിയ എന്നിവയാണ് ഈ രാജ്യങ്ങൾ.
ഭൂമിയിലെ മനുഷ്യരുടെ എണ്ണം 800 കോടിയിലേക്ക് എത്തുന്ന നിർണായകവേളയിലാണ് ഈ വർഷത്തെ ലോക ജനസംഖ്യാദിനമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇതു നമ്മുടെ വൈവിധ്യത്തെ ആഘോഷിക്കാനും പൊതുവായ മാനവികതയെ തിരിച്ചറിയാനും ആരോഗ്യരംഗത്തെ പുരോഗതിയിൽ അദ്ഭുതപ്പെടു ത്താനുമുള്ള അവസരമാണ്-ഗുട്ടെറസ് കൂട്ടിച്ചേർത്തു.