കോഴിക്കോട്: രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആർഎസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെയാണു കാണുന്നതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട്ട് ഭരണഘടനാ സംരക്ഷണ മഹാ റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യാ രജിസ്റ്റർ ചതിക്കുഴിയാണ്. ജനസംഖ്യാ രജിസ്റ്റർ തയാറാക്കിയാലെ പൗരത്വ രജിസ്റ്റർ തയാറാക്കാൻ കഴിയൂ. സെൻസസും ജനസംഖ്യ രജിസ്റ്ററും തമ്മിൽ വ്യത്യാസമുള്ളതുകൊണ്ടാണ് എൻആർസി കേരളത്തിൽ നടപ്പാക്കില്ലെന്നു പറഞ്ഞത്. മുസ്ലിം ന്യൂനപക്ഷത്തിന്റെ സുരക്ഷിത കോട്ടയാണ് കേരളം. ഇവിടെ ഒരു സംഘപരിവാർ ഭീഷണിയും വിലപ്പോവില്ല. വർഗീവാദികളെയും തീവ്രവാദ ശക്തികളെയും മാത്രമാണു നമ്മൾ മാറ്റി നിർത്തുന്നതെന്നും പിണറായി പറഞ്ഞു.
മോദി സർക്കാർ ആർഎസ്എസ് നയമാണു നടപ്പാക്കുന്നത്. രാജ്യത്തെ ന്യൂനപക്ഷങ്ങളെ ആർഎസ്എസ് ആഭ്യന്തര ശത്രുക്കളെപ്പോലെ കാണുന്നു. ബിജെപി സർക്കാർ മുസ്ലിം വിഭാഗത്തെ പ്രത്യേക ലക്ഷ്യത്തോടെ കാണുന്നു. ദേശീയ പൗരത്വ രജിസ്റ്റർ എന്നത് ആർഎസ്എസ് അജണ്ടയാണ്. ഒരു വിഭാഗത്തെ പൗരത്വത്തിൽ നിന്ന് എങ്ങനെ ഒഴിവാക്കാം എന്നതാണ് അവരുടെ ലക്ഷ്യമെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
ഒരുമിച്ചുനിന്നാൽ പൗരത്വ നിയമ ഭേദഗതി റദ്ദാക്കേണ്ടി വരും. സെൻസസിനപ്പുറം ഒരു സെന്റിമീറ്റർ പോലും സർക്കാർ മുന്നോട്ടു പോകില്ല. ഒരു തരത്തിലുള്ള ഭീഷണിയും നമ്മുടെ നാട്ടിൽ ചെലവാകില്ല. ഒരുമയാണു നമ്മുടെ കരുത്തെന്നും ആരും ആശങ്കപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.