പത്തനംതിട്ട: കോന്നി വകയാർ കേന്ദ്രീകരിച്ചു പ്രവർത്തിച്ചിരുന്ന പോപ്പുലർ ഫിനാൻസ് തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ വിശദീകരണം പൂർണമായി വിശ്വാസയോഗ്യമല്ലെന്ന് പോലീസ്.
പോപ്പുലർ ഫിനാൻസ് ഉടമ തോമസ് ദാനിയേൽ (റോയി), ഭാര്യ പ്രഭ, മക്കളായ റിനു, റേബ എന്നിവരാണ് തട്ടിപ്പുകേസിൽ അറസ്റ്റിലായത്. മറ്റൊരു മകൾ റിയയ്ക്കുവേണ്ടി അന്വേഷണം തുടരുകയാണ്.
റിമാൻഡിലായവരെ കസ്റ്റഡിയിൽ വാങ്ങാനുള്ള അപേക്ഷ കോടതിയിൽ ഉടൻ അന്വേഷണസംഘം നൽകും. കേസിൽ പ്രതി ചേർത്തിട്ടുള്ള മറ്റുള്ളവരെയും കണ്ടെത്താൻ ശ്രമം തുടരുകയാണ്. ഫിനാൻസ് ചുമതലയുണ്ടായിരുന്ന മാനേജർ അടക്കം ഇതിലുൾപ്പെടുന്നു.
സ്ഥാപനത്തിനു സമീപകാലത്തുണ്ടായ സാന്പത്തിക പ്രതിസന്ധിയെ സംബന്ധിച്ച് പ്രതികൾ നൽകിയ വിശദീകരണം പോലീസ് പൂർണമായി അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി നടത്തിപ്പിൽ പാളിച്ചകൾ വ്യക്തമാണെന്ന് പോലീസ് പറഞ്ഞു.
നിരവധി സബ്സിഡയറി കന്പനികൾ രൂപീകരിക്കുകയും നിക്ഷേപം വകമാറ്റുകയും ചെയ്തിട്ടുണ്ട്. പെണ്മക്കളായ റിനു, റേബ, റിയ എന്നിവർക്ക് ഇതിൽ വ്യക്തമായ പങ്കാളിത്തമമുണ്ട്. തോമസ് ദാനിയേലിന്റെ മരുമക്കൾക്കും ഇതിൽ പങ്കുണ്ടെന്ന സൂചന ലഭിച്ചു.
അറസ്റ്റിലായ നാലുപേരെയും ഒറ്റയ്ക്കും ഒന്നിച്ചിരുത്തിയും പോലീസ് ചോദ്യം ചെയ്തു. നിക്ഷേപങ്ങൾക്ക് പന്ത്രണ്ട് ശതമാനം പലിശ ഈടാക്കിയത് സാന്പത്തിക പ്രതിസന്ധിയിലാക്കിയെന്നാണ് പ്രതികളുടെ വിശദീകരണം.
ഗൂഡാലോചന, സാന്പത്തിക ക്രമക്കേട്, വിശ്വാസ വഞ്ചന തുടങ്ങിയ വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ കുറേ മാസങ്ങളായി നിക്ഷേപകർക്ക് വിവിധ പേരിലാണ് രേഖകൾ നൽകുന്നത്.
മരുമക്കളുടെ പേരിലുള്ള സംരഭങ്ങളിലേക്ക് ഫിനാൻസിന്റെ നിക്ഷേപം വകമാറ്റിയിരുന്നു. നിക്ഷേപം സംന്പന്ധിച്ച വിവരങ്ങൾ നികുതി വകുപ്പ് അന്വേഷിക്കും. 2014 ൽ കന്പനികളുടെ ഉടമസ്ഥാവകാശം മക്കളുടെ പേരിലേക്ക് മാറ്റിയിരുന്നു. ഇവർക്ക് കേസിൽ നിർണായക പങ്കുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി കെ.ജി സൈമണ് പറഞ്ഞു.
മുന്പ് ക്രൈം ബ്രാഞ്ച് പോപ്പുലർ ഫിനാൻസിനെതിരെ കേസ് ഫയൽ ചെയ്തിട്ടുണ്ട്. നിക്ഷേപകർക്ക് അറിയാത്ത പല തട്ടിപ്പും ഇതിന്റെ മറവിൽ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം ാൻസിെഅഭിപ്രായപ്പെട്ടു. ലിമിറ്റഡ് ലൈബലിറ്റി കന്പനിയായി ആണ് പോപ്പുലർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഇത് വഴി ഓഹരി വിപണിയിൽ കാണിക്കാതെ മറ്റുള്ളവർക്ക് വിറ്റ് പണം ശേഖരിക്കുകയാണ് ചെയ്യുന്നത്. മറ്റ് നോണ് ബാങ്കിംഗ് സ്ഥാപനങ്ങൾക്കുള്ളപോലെ വലിയ നിയന്ത്രണങ്ങൾ ഇവയ്ക്കില്ല. പോപ്പുലറിന്റെ തന്നെ വിവിധ കന്പനികളുടെ രസീതാണ് നിക്ഷേപകർക്ക് നൽകിയിരുന്നത്.
ഇത് ഫിക്സഡ് ഡെപ്പോസിറ്റാണെന്നാണ് നിക്ഷേപകർ കരുതിയിരുന്നത്. പക്ഷെ ലിമിറ്റഡ് ലൈബലിറ്റി പാർട്നർഷിപ്പിലേക്ക് നിശ്ചിത തുക നിക്ഷേപകന്റെ ഷെയർ ആയി നൽകിയിരിക്കുന്നുവെന്നാണ് രസീതിൽ പറയുന്നത്. നിലവിൽ പല ഫിനാൻസ് സ്ഥാപനങ്ങളും സമാനരീതയിലാണ് നിക്ഷേപം സ്വീകരിക്കുന്നത്.
പ്രശ്നങ്ങളുണ്ടായാൽ നിയമപരമായ നിലനില്പാണ് ഇതിലൂടെ ഇവർ ലക്ഷ്യമിടുന്നതെന്നു സംശയിക്കുന്നു. നിക്ഷേപം സ്വീകരിക്കുന്നതിൽ ആർബിഐയും കേന്ദ്ര സർക്കാരും നൽകിയിട്ടുള്ള വിലക്കുകൾ മറികടക്കുകയുമാണ് ലക്ഷ്യം.
പോപ്പുലർ ഫിനാൻസ് നിക്ഷേപങ്ങളിൽ നിന്നു തോമസ് ഡാനിയേൽ, പ്രഭ, റിനു എന്നിവരുടെ അക്കൗണ്ടുകളിലേക്ക് പണം കൈമാറ്റം ചെയ്യപ്പെട്ടിട്ടുള്ളത് പോലീസ് കണ്ടെത്തി.
സമീപകാലത്ത് ആന്ധ്രയിൽ രണ്ട് കോടി മുടക്കി സ്ഥലം വാങ്ങിയിട്ടുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലെ അന്വേഷണത്തിന് ഐജി ഹർഷിത അട്ടല്ലൂരിയുടെ മേൽനോട്ടത്തിൽ 25 അംഗ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.