പത്തനംതിട്ട: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട് ഉടമകള്‍ സമീപകാലത്തു നടത്തിയത് ആസൂത്രിത നീക്കമെന്ന് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍.
നിക്ഷേപത്തുകകള്‍ പൂര്‍ണമായി മറ്റു സ്ഥാപനങ്ങളുടെ അക്കൗണ്ടുകളിലേക്കും വായ്പകളുമായി വകമാറ്റിയിരുന്നു.സ്ഥാപനം അടച്ചുപൂട്ടുമെന്ന ഘട്ടത്തില്‍ പാപ്പര്‍ ഹര്‍ജിക്കുള്ള തയാറെടുപ്പുകളും ഉടമകള്‍ നടത്തിയിരുന്നു.
കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ കൈമാറ്റം ചെയ്തു പണം വിദേശത്തേക്ക് അയച്ച ശേഷമാണ് ഇവര്‍ പോലീസില്‍ കീഴടങ്ങിയതെന്നും സൂചന. നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കാതിരിക്കാന്‍ എല്ലാ സാധ്യതകളും ഇവര്‍ ഉപയോഗപ്പെടുത്തി.
നിക്ഷേപകര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍ പോയ ഉടമകള്‍ 45 ദിവസത്തെ സാവകാശം ആവശ്യപ്പെട്ടത് വിദേശത്തേക്ക് കടക്കാനുള്ള ഒരുക്കങ്ങളുടെ ഭാഗമായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.
മക്കളായ റിനുവും റേബവും അപ്രതീക്ഷിതമായി അറസ്റ്റിലായതോടെയാണ് തോമസും പ്രഭയും കീഴടങ്ങിയതെന്നാണ് വിവരം.
29 കടലാസ് സ്ഥാപനങ്ങളുടെ പേരിലാണ് നിക്ഷേപകര്‍ക്ക് ഓഹരി സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പൊതുജനങ്ങളില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പോപ്പുലറിന് റിസര്‍വ് ബാങ്കിന്റെ അനുമതി ഇല്ലെന്ന വിവരം മറച്ചുവച്ചു. ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം പോപ്പുലര്‍ ഉടകള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.
സാന്‍ പോപ്പുലര്‍ ഫിനാന്‍സ്, മേരി റാണി പോപ്പുലര്‍ ഫിനാന്‍സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ തൃശൂര്‍ ആസ്ഥാനമായാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
ഇവിടെ നിക്ഷേപിച്ച തുക മുഴുവനും തോമസിന്റെ ബന്ധുവിന്റെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയതായാണ് വിവരം. രജിസ്റ്റര്‍ ചെയ്ത രണ്ടു കമ്പനികളില്‍ നിന്ന് റിനുവും റേബയും തട്ടിപ്പിന് മുന്നോടിയായി മനഃപൂര്‍വം രാജിവയ്ക്കുകയായിരുന്നു.