കണ്ണൂർ: നവമാധ്യങ്ങളിൽ സിപിഎമ്മിന്റെ സൈബർ സേനയായി പ്രവർത്തിച്ചിരുന്ന പോരാളി ഷാജി ഫേസ്ബുക്ക് പേജുമായി സിപിഎം നേതൃത്വം അടിച്ചുപിരിഞ്ഞു.
ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീമിനെ രൂക്ഷഭാഷയിൽ വിമർശിക്കുകയും കെ.കെ.ഷൈലജയെ മന്ത്രിസഭയിൽനിന്നു തഴഞ്ഞതിനെതിരെ പോസ്റ്റുകളിടുകയും ചെയ്തതോടെയാണ് പോരാളി ഷാജിയെ പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്ന നിർദേശവുമായി പാർട്ടി നേതൃത്വം രംഗത്തെത്തിയത്.
നേരത്തെ സിപിഎമ്മിന്റെ അനൗദ്യോഗിക സൈബർ പോരാളിയായിരുന്നു പോരാളി ഷാജി. എന്നാലിപ്പോൾ പാർട്ടിയെ പ്രതിരോധത്തിലാക്കുന്ന പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടതോടെ പോസ്റ്റുകളെ ലൈക്ക് ചെയ്തും ഷെയർ ചെയ്തും പ്രോത്സാഹിപ്പിക്കേണ്ടതില്ലെന്നാണ് അണികൾക്കു പാർട്ടി നേതൃത്വം നൽകിയ നിർദേശം.
മാറിമറിഞ്ഞത്
തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്പോൾ കനത്ത പിന്തുണയായിരുന്നു പോരാളി ഷാജിയുടേത്.
എന്നാൽ, മന്ത്രിമാരെ തീരുമാനിക്കുന്ന വേളയിൽ കെ.കെ. ഷൈലജയെ തഴഞ്ഞതോടെ പാർട്ടി നേതൃത്വത്തിനെ ശക്തമായി വിമർശിക്കുകയും ചെയ്തിരുന്നു.
ഡിവൈഎഫ്ഐ നേതാവ് എ.എ. റഹീം ഒരു ചാനലിൽ പോരാളി ഷാജിക്കു പാർട്ടിയുമായും ഡിവൈഎഫ്ഐയുമായും ബന്ധമില്ലെന്നു പറഞ്ഞതോടെ പോരാളി ഷാജി ശക്തമായി പ്രതികരിച്ചിരുന്നു.
മറക്കരുത് റഹിമേ…
വല്ലാതെ അഹങ്കരിക്കരുത് റഹിമേ… പാർട്ടിക്കു വേണ്ടി എന്നും ഓശാന പാടാൻ ലക്ഷങ്ങൾ കൊടുത്തു സോഷ്യൽ മീഡിയയിൽ നിർത്തിയേക്കുന്നവരിൽ ഞാനില്ല…
ഞാനെന്നല്ല ഇവിടത്തെ ലക്ഷക്കണക്കിനു സാധാരണ അനുഭാവികളുമില്ല.. ഇടത് മുന്നണി ഇപ്രാവശ്യം മഹത്തായ വിജയം നേടിയിട്ടുണ്ടെങ്കിൽ അതിനു പിന്നിൽ മുഖമില്ലാത്ത, അറിയപ്പെടാൻ താത്പര്യമില്ലാത്ത,
പാർട്ടി ആജ്ഞയ്ക്കായി കാത്തു നിൽക്കാതെ സ്വന്തം സമയവും ജോലിയും മിനക്കെട്ട് ആശയങ്ങളും വികസന വാർത്തകളും പ്രചരിപ്പിക്കുന്ന, പാർട്ടി പറയുന്നതിന് മുൻപേ ശത്രുക്കൾക്കു മുന്പിൽ പ്രതിരോധം തീർക്കുന്ന പതിനായിരക്കണക്കിനു മനുഷ്യരുടെ അധ്വാനമുണ്ട്. അവരാണ് ഈ വിജയത്തിന് പിന്നിൽ എന്നു തുടങ്ങിയ പോസ്റ്റ് വൈറലായിരുന്നു.
പോസ്റ്റ് ഇങ്ങനെ
പോസ്റ്റിന്റെ ബാക്കി ഭാഗങ്ങൾ ഇങ്ങിനെ: ’മാസ ശന്പളം വാങ്ങി കംപ്യട്ടറിൽ മാസത്തിൽ പത്ത് കളർ പോസ്റ്റുമിട്ട് നടക്കുന്ന നിങ്ങടെ സ്വന്തം കോണാണ്ടർമാരല്ല. ഞാൻ വെല്ലുവിളിക്കുകയാണ് റഹിമേ…
പാർട്ടി പണം ചെലവാക്കി നില നിർത്തുന്ന ഒഫീഷ്യൽ പേജുകളെക്കാളും കോടികൾ ചിലവിട്ട് വിവിധ ഓണ്ലൈൻ പ്ലാറ്റുഫോമുകളിൽ നടത്തിയ പ്രചാരങ്ങളെക്കാളും നൂറിരട്ടി ഗുണം ഈ പേജിൽ നിന്നും കിട്ടിയിട്ടുണ്ട്..
വികസനവും നന്മയും പറഞ്ഞ് ആയിരം ഇരട്ടി പോസ്റ്റുകൾ ഈ പേജിലൂടെ മലയാളികൾ ഉള്ളിടത്തെല്ലാം എത്തിയിട്ടുണ്ട്. കോടാനുകോടി ചിലവിട്ടു നിങ്ങൾ നടത്തിയ ഓണ്ലൈൻ ഗുസ്തികളെക്കാൾ ആയിരം ഇരട്ടി പേരിലേക്ക് ഇടതുപക്ഷം ചെയ്ത കാര്യങ്ങൾ എയർ ചെയ്യാൻ ഈ പേജിനു കഴിഞ്ഞിട്ടുണ്ട്.
അതും നിങ്ങളിൽ നിന്ന് ഒരു പത്തു പൈസ പോലും ഓശാരം വാങ്ങാതെ. റഹിമിന് അത് ഏത് അളവ് കോൽ വച്ചു വേണമെങ്കിലും പരിശോധിക്കാം. പിന്നെ വിമർശനം, തെറ്റ് കണ്ടാൽ വിമർശനം വരും റഹിമേ. എന്റേത് ഉൾപ്പെടെ ഇവിടെയുള്ള ലക്ഷകണക്കിനു പ്രൊഫൈലുകൾ അനുഭാവികളുടേതാണ്.
അവരും ഞാനും നിങ്ങളിൽനിന്നു പത്തു പൈസ പോലും കൈപ്പറ്റിയിട്ടില്ല. ഉണ്ടോ..?? അതുകൊണ്ട് വിയോജിപ്പുകൾ തീർച്ചയായും പറയും.
വിയോജിപ്പുകൾ ഇല്ലാതെ എല്ലാ ഏമാന്മാരും ’സ.. സ.. സ’ മൂളി രണ്ട് സ്റ്റേറ്റിലെ ഇടത് പക്ഷത്തിന്റെ പതിനാറടിയന്തിരം നടത്തിയിട്ടുണ്ടല്ലോ. അത്രയും കിട്ടിയതു പോരെ..
നിങ്ങളെ പിന്തുണയ്ക്കുന്നവർ നിങ്ങളെ ഒന്നു വിമർശിച്ചാൽ അപ്പോഴേക്കും ക്രിമിനൽ സംഘം ആവുമോ.. പാർട്ടി ദ്രോഹികൾ ആവുമോ. എനിക്ക് റഹിമിന്റെ ഒരു ഗുഡ് സർട്ടിഫിക്കറ്റും വേണ്ട..
പാർട്ടിയുടെ ശന്പളവും വേണ്ട.. പറയാനുള്ളതു പറയും.. നന്മകൾ പ്രചരിപ്പിക്കുകയും ചെയ്യും.. അപ്പൊ ശരി’ എന്നു കൂടി പറഞ്ഞാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
കണ്ടെത്താൻ ശ്രമം
ഈ പോസ്റ്റ് പാർട്ടിയെ പ്രതിരോധത്തിലാക്കിയതോടെയാണ് പോരാളി ഷാജിയെ കണ്ടെത്താൻ പാർട്ടി ശ്രമം തുടങ്ങിയത്.
അതേസമയം, പോരാളി ഷാജി കണ്ണൂർ ജില്ലയിൽ ഉൾപ്പെടെയുള്ള ചില നേതാക്കളുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന പാർട്ടി അണികളുടെ കൂട്ടായ്മയാണെന്നതു പരസ്യമായ രഹസ്യമാണെന്നും ചിലർ ചൂണ്ടിക്കാട്ടുന്നു.
ഷൈലജയെ മന്ത്രിസ്ഥാനത്തുനിന്നു തഴഞ്ഞപ്പോൾ കണ്ണൂരിലെ പി.ജെ. ആർമി ഗ്രൂപ്പിലും പോരാളി ഷാജി പോസ്റ്റിട്ടിരുന്നു.
ചെങ്കൊടിയുടെ പശ്ചാത്തലത്തിൽ കെ.കെ. ഷൈലജയുടെ ഫോട്ടോ സഹിതമായിരുന്നു പോസ്റ്റിട്ടത്. ടീച്ചർക്ക് ഒരു അവസരം കൂടി കൊടുത്തുകൂടെ?
എന്ന വാചകത്തോടൊപ്പം ഹാഷ് ടാഗ് ഇട്ടു കൊണ്ട് പാർട്ടി വിമതരല്ല, പാർട്ടിക്ക് ഒപ്പം തന്നെ എന്നും രേഖപ്പെടുത്തിയായിരുന്നു പോസ്റ്റ്. ഇതിൽ പാർട്ടിയുടെ തിരുത്തൽ ശക്തിയാകുമെന്ന സൂചനയും നൽകിയിരുന്നു.
തെരഞ്ഞെടുപ്പിന് മുന്പ് കുറ്റ്യാടിയിലെ സ്ഥാനാർഥിത്വം സംബന്ധിച്ചുള്ള പാർട്ടി പ്രവർത്തകരുടെ പ്രതിഷേധത്തെത്തുടർന്ന് സ്ഥാനാർഥിയെ മാറ്റിയത് ഓർമപ്പെടുത്തിക്കൊണ്ടുള്ളതായിരുന്നു പോസ്റ്റ് ”കുറ്റ്യാടിയിലെ ജനരോഷം കണ്ട് തീരുമാനം തിരുത്തിയതുപോലെ ടീച്ചറമ്മയെയും തിരികെ വിളിക്കണം.
ലോകം ആദരിച്ച, മഹാമാരി കൊണ്ട് ലോകം വീർപ്പുമുട്ടിയപ്പോഴും ഈ കൊച്ചുകേരളത്തെ മരണത്തിൽ മുക്കിക്കൊല്ലാതെ പിടിച്ചു നിർത്താൻ ടീച്ചറമ്മ വഹിച്ച പങ്ക് അവിസ്മരണീയം.
ആരോഗ്യരംഗം പരാജയപ്പെട്ടിരുന്നുവെങ്കിൽ മരണസംഖ്യ വർധിക്കുമായിരുന്നു. ഒരു പക്ഷേ, തുടർഭരണം നഷ്ടപ്പെടുമായിരുന്നു. ഈ തീരുമാനം ഒരുപാട് അമ്മ മനസുകളിൽ വേദനയുണ്ടാക്കുമെന്നത് തീർച്ചയാണെന്നു പറഞ്ഞു കൊണ്ടായിരുന്നു ഈ പോസ്റ്റ് അവസാനിപ്പിച്ചത്.
പി.ജെ ആർമി
കണ്ണൂർ ജില്ലാ മുൻ സെക്രട്ടറി പി. ജയരാജനുമായി ബന്ധമുള്ളവരാണ് പി.ജെ ആർമി എന്ന ഗ്രൂപ്പിലുള്ളതെന്ന് പറയുന്നുണ്ടെങ്കിലും ഈ ഗ്രൂപ്പുമായി പാർട്ടിക്കോ തനിക്കോ ഒരു ബന്ധവുമില്ലെന്ന് പറഞ്ഞ് പി. ജയരാജൻ പി.ജെ. ആർമിയെ തള്ളിയിരുന്നു.
എന്നാൽ കെ.കെ. ഷൈലജയുമായി ബന്ധപ്പെടുള്ള പോസ്റ്റിലെ ഒരു കമൻറിൽ ഇത്തരം പോസ്റ്റുകൾ കൊണ്ട് നമുക്കോ നമ്മുടെ ആദരണീയനായ സഖാവ്.
പി.ജെയ്ക്കോ ഒരു ഗുണവും ഉണ്ടാവില്ലെന്നും ദോഷമായേ വരികയുള്ളൂ എന്നുമുള്ള രീതിയിലെ കമന്റുകളും ഉണ്ടായിരുന്നു.