തൃശൂർ: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ സുഹൃത്തിനെ മർദിച്ചുകൊന്നു. പൊന്നുക്കര ചിറ്റേത്തുപറന്പിൽ ദാമോദരന്റെ മകൻ സുധീഷ്(45) ആണ് കൊല്ലപ്പെട്ടത്.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പൊറോട്ട വിഷ്ണു എന്നുവിളിക്കുന്ന പൊന്നൂക്കര വട്ടപ്പറന്പിൽ വിഷണു(40)വിനെ ഒല്ലൂർ പോലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച രാത്രിയാണു സംഭവം. സുകുമാരൻ എന്നയാളുടെ വീട്ടിൽവച്ച് മദ്യപിക്കുന്നതിനിടെയായിരുന്നു വാക്കുതർക്കം. സുധീഷിന്റെ സഹോദരിയെ വർഷങ്ങൾക്കുമുൻപ് വിഷ്ണു കളിയാക്കിയിരുന്നു. ഇതേച്ചൊല്ലിയാണ് തർക്കം നടന്നതെന്നു പറയുന്നു.
തർക്കത്തിനിടെ സുധീഷിന്റെ തല വിഷ്ണു ഭിത്തിയിലിടിപ്പിച്ചു പരിക്കേല്പിച്ചു. ഹാക്സോ ബ്ലേഡ് കൊണ്ടു ശരീരത്തിൽ മുറിവേൽപ്പിക്കുകയും ചെയ്തു.
മർദനത്തിൽ സുധീഷിനു തലയ്ക്കും നെഞ്ചിലും കൈക്കും പരിക്കേറ്റു. ഗുരുതരപരിക്കേറ്റ സുധീഷിനെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.
കസ്റ്റഡിയിലെടുത്ത പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതിയുടെ വീട്ടിൽ ഫോറൻസിക് സംഘം പരിശോധന നടത്തി.