സ്വന്തം ലേഖകൻ
തൃശൂർ: അശ്ലീല സൈറ്റുകൾ കാണുന്നവരെ ബ്ലാക്ക് മെയിൽ ചെയ്ത് പണംതട്ടുന്ന വ്യാജ പോലീസ് സംഘം സജീവം. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ അടുത്തിടെ ഇതുപോലുള്ള കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു.
ഇതിലെ പ്രതികളെ പോലീസ് പിടികൂടുകയും ചെയ്തു. എന്നാൽ വലിയൊരു നെറ്റ്വർക്ക് തന്നെ ഈ തട്ടിപ്പിനു പിന്നിലുണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം.
അശ്ലീല സൈറ്റുകൾ സന്ദർശിച്ചുവെന്ന പേരിൽ ലക്ഷങ്ങൾ തട്ടിയെടുത്ത കേസാണ് രാജ്യതലസ്ഥാനമായ ഡൽഹിയിൽ റിപ്പോർട്ട് ചെയ്തത്. പ്രതികൾ പിടിയിലായത് ഡൽഹിയിൽനിന്നു തന്നെയാണ്.
പോണ് സൈറ്റുകൾ സന്ദർശിച്ചതിന് കേസെടുക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ഭീഷണിപ്പെടുത്തിയാണ് പ്രതികൾ ലക്ഷങ്ങൾ തട്ടിയെടുത്തത്.
കംബോഡിയയിൽനിന്നു നിയന്ത്രിക്കുന്ന തട്ടിപ്പ് സംഘത്തിലെ മൂന്നു പേരാണ് ഡൽഹിയിൽ അറസ്റ്റിലായത്. ഇവർ തമിഴ്നാട് ചെന്നൈ, ട്രിച്ചി സ്വദേശികളാണ്.
ചെന്നൈ, ട്രിച്ചി, കോയന്പത്തൂർ, ഉദംഗമണ്ഡലം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയിരുന്നത്. ചുരുങ്ങിയ മാസങ്ങൾക്കുള്ളിൽ പ്രതികൾ 30 ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്.
കഴിഞ്ഞ ഫെബ്രുവരി മുതൽ ജൂണ് മാസം വരെയുള്ള ദിവസങ്ങളിൽ നൂറു കണക്കിനാളുകൾ ഇവരുടെ തട്ടിപ്പിന് ഇരയായി.
“ഗൂഗിൾ പേ’ മുഖേനെയാണ് ഇരയാക്കപ്പെട്ട ആളുകളിൽനിന്നു പ്രതികൾ പണം തട്ടിയെടുത്തത്. ഒരാളിൽ നിന്ന് 3,000 രൂപയോളമാണ് വാങ്ങിയിരുന്നത്.
വിവിധ അക്കൗണ്ടുകളിലൂടെയാണ് പണമിടപാട് നടത്തിയത്. പണം ക്രിപ്റ്റോ കറൻസിയാക്കി സൂക്ഷിക്കുകയും ചെയ്തതായി പോലീസ് കണ്ടെത്തി.
ബ്രൗസറിൽ വരുന്ന പോപ്പ് അപ്പ് പരസ്യങ്ങളിലൂടെ അഡ്വെയർ ഉപയോഗിച്ച് അശ്ലീല വീഡിയോ കാണുന്നവർക്ക് വ്യാജ പോലീസ് നോട്ടീസ് അയച്ചായിരുന്നു തട്ടിപ്പ്.
പോണ് വീഡിയോ കാണുകയും ഇത്തരം സൈറ്റുകൾ സന്ദർശിക്കുകയും ചെയ്യുന്നതിനാൽ കംപ്യൂട്ടറിലെ എല്ലാ ഫയലുകളും ബ്ലോക്ക് ചെയ്യുമെന്ന് ഇരയെ അറിയിക്കും.
ഇതിനൊപ്പം നിയമവിരുദ്ധമായ പ്രവർത്തി ഉണ്ടായെന്നും നടപടി ഉണ്ടാകുമെന്ന മുന്നറിയിപ്പും നൽകും.
കേസ് നടപടികളിലേക്ക് പോകാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്യും. ഇതോടെ സത്യമറിയാതെ ഭീഷണി ഭയന്ന് ആളുകൾ പണം നൽകുകയുമായിരുന്നു.
പല ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഇത്തരത്തിൽ തട്ടിപ്പ് നടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. എന്നാൽ പണം നഷ്ടപ്പെട്ട പലരും പരാതി പറയാൻ മടി കാണിക്കുകയാണ്.
പോണ് സൈറ്റുകൾ കണ്ടതിന്റെ പേരിൽ പണം പോയി എന്ന് പറയാനുള്ള മാനക്കേടാണ് പലർക്കും. ഇതുതന്നെയാണ് ഈ തട്ടിപ്പ് സംഘത്തിന് സഹായമാകുന്നത്.
തട്ടിപ്പു സംഘത്തിനുണ്ടായ ഒരു പിഴവാണ് അവർക്ക് കുരുക്കായത്. പോണ് സൈറ്റുകൾ സന്ദർശിക്കാത്തവർക്ക് സംഘം നോട്ടീസ് അയച്ചു.
സാധാരണ സെർച്ചുകൾ നടത്തിയവർക്ക് ഇത്തരത്തിൽ നോട്ടീസ് ലഭിച്ചതോടെ ഇവർ സമൂഹമാധ്യമത്തിലൂടെ വിവരം പങ്കുവച്ചു. ഇതോടെ കൂടുതൽ പേർ രംഗത്ത് എത്തുകയും വിഷയം ചർച്ചയാകുകയും ചെയ്തു.
സമൂഹമാധ്യമങ്ങളിലെ ചർച്ച മനസിലാക്കിയ പോലീസ് രഹസ്യമായി നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രതികൾ കുടുങ്ങിയത്.
കോയന്പത്തൂർ കേന്ദ്രീകരിച്ചാണ് ഈ തട്ടിപ്പ് നടന്നത് എന്നതുകൊണ്ടുതന്നെ കേരളത്തിലും ഈ സംഘം തട്ടിപ്പ് നടത്താനുള്ള സാധ്യത പോലീസ് തള്ളിക്കളയുന്നില്ല.