കുളത്തുപ്പുഴ: വേട്ടയാടി പിടിച്ച കാട്ടുപന്നിയെ പാചകം ചെയ്യുന്നതിനിടയിൽ വീട്ടിനുളളിൽ നിന്നും ഇറച്ചി വനപാലകർ പിടിച്ചെടുത്തു. പ്രതികൾ ഓടി രക്ഷപെട്ടു. കുളത്തുപ്പുഴ കല്ലുവെട്ടാംകുഴി ചാമവിള വീട്ടില്‍ അച്ഛന്‍കുഞ്ഞ്, കല്ലുവെട്ടാംകുഴി തലപ്പച്ചയിൽ ബിജു എന്നിവരെ പ്രതിചേർത്തു വനപാലകർ കേസെടുത്തു.
അഞ്ചൽ വനം റെയ്ഞ്ചിൽ കല്ലുവരമ്പ് സെക്ഷനിൽ കല്ലുവെട്ടാംകുഴി വനഭാഗത്ത് നിന്നാണ് പന്നിയെ വേട്ടയാടിയത്. വനം വകുപ്പ് തിരുവനന്തപുരം വിജിലൻസ് വിഭാഗത്തിന് ലഭിച്ച രഹസ്യ വിവരത്തിൻെറ അടിസ്ഥാനത്തിൽ കുളത്തുപ്പുഴ റേഞ്ച് ഓഫീസർ അബ്ദുൽ ജലീലീലിൻെറ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം രാത്രി അച്ഛൻകുഞ്ഞിൻെറ വീട്ടില്‍ പരിശോധന നടത്തിയാണ് ഇറച്ചി പിടിച്ചെടുത്തത്.
പിന്നീട് കേസ് അഞ്ചൽ റെയ്ഞ്ചിന് കൈമാറുകയായിരുന്നു. അച്ചന്‍കുഞ്ഞ് വനപാലകരെ കണ്ട് ഓടി രക്ഷപെട്ടു. നിരവധി വനം കേസിൽ പ്രതിയായ ബിജു വാണ് കാട്ടുപന്നിയെ വേട്ടയാടിയതെന്ന് അഞ്ചൽ വനം റെയ്ഞ്ച് ഡെപ്യൂട്ടി റെയിഞ്ചർ മുരളീധരൻ അറിയിച്ചു. അഞ്ചൽ റെയ്ഞ്ചോഫീസർ ബി.ആർ.ജയൻെറ നേതൃത്വത്തിൽ പ്രതികൾക്കായി തെരച്ചിൽ ഊർജിത മാക്കിയിട്ടുണ്ട്.