കണ്ണൂർ: ‘തെരഞ്ഞെടുപ്പിൽ സീറ്റ് കിട്ടാത്തവരും മറ്റു സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്നവരുമാണ് പാർട്ടി വിട്ടുപോയത്. അതിൽ ഒരു കാര്യവുമില്ല. കേരളത്തിൽ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് നിലവിലുള്ളത്’-
പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറയുന്നു. കണ്ണൂർ പ്രസ് ക്ലബിൽ നടന്ന “പോർമുഖത്തിൽ’ പത്തു ചോദ്യങ്ങൾക്കുമുന്പിൽ പ്രതിപക്ഷ നേതാവ് മനസ് തുറക്കുന്നു.
1. നേതാക്കൾ പാർട്ടി വിട്ടുപോകുന്നത് പ്രതിസന്ധിയുണ്ടാക്കില്ലേ ?
* പലഘട്ടങ്ങളിലും കോൺഗ്രസിൽനിന്ന് നേതാക്കൾ പോയിട്ടുണ്ട്. സ്ഥാനമാനങ്ങൾ ലഭിക്കാത്തവരും സീറ്റ് ലഭിക്കാത്തവരുമാണ് ഇപ്പോൾ പാർട്ടി വിട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ഒന്നും ചെയ്യാനില്ല. ലതിക സുഭാഷും പി.സി. ചാക്കോയും മറ്റും പാർട്ടി വിട്ടത് അങ്ങനെയാണ്. എല്ലാവർക്കും എപ്പോഴും സ്ഥാനമാനങ്ങൾ കൊടുക്കാൻ പാർട്ടിക്കാകില്ല.
2. ഇരിക്കൂർ പ്രശ്നം പരിഹരിച്ചോ?
*ഇരിക്കൂറിലെ പ്രശ്നങ്ങൾ എല്ലാവരുമായി സംസാരിച്ച് പരിഹരിച്ചിട്ടുണ്ട്. അവിടെ പ്രവർത്തകർ ഒറ്റക്കെട്ടായി പ്രവർത്തിക്കും.
മറ്റുള്ള വാഗ്ദാനങ്ങൾ നൽകിയാണ് പ്രശ്നം പരിഹരിച്ചതെന്ന വാർത്ത തെറ്റാണ്. ആർക്കും ഒരു വാഗ്ദാനവും നൽകിയിട്ടില്ല.
3. ചില മാധ്യമങ്ങൾ നടത്തുന്ന സർവേകളെ എങ്ങനെ കാണുന്നു?
*സർവേഫലങ്ങൾ വിശ്വസിക്കുന്നില്ല. നാലഞ്ച് ചാനലുകൾ നടത്തിയ സർവേകൾ പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ പിന്നിൽ കറുത്ത കൈകളുണ്ട്. 200 കോടി രൂപയുടെ പരസ്യങ്ങൾ മാധ്യമങ്ങൾക്ക് സർക്കാർ നൽകിയിട്ടുണ്ട്.
പരസ്യം നൽകുന്നതിൽ തെറ്റില്ല. പിണറായി വിജയൻ ആദ്യം മാധ്യമങ്ങളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാൻ ശ്രമിച്ചു. പിന്നീട് പരസ്യം നൽകി വരുതിയിലാക്കാൻ ശ്രമിക്കുകയാണ്.
മാധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുന്നു. അജൻഡ തയാറാക്കിയാണ് സർവേഫലങ്ങൾ പുറത്തുവിടുന്നത്. സർവേഫലങ്ങളിൽ ഒരു വിശ്വാസ്യതയുമില്ല.
എക്സിറ്റ് പോൾ മാതൃകയിലുള്ള ഈ സർവേ ഫലത്തിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.
4. മന്പറത്ത് സുധാകരന്റെ സ്ഥാനാർഥിത്വം?
*സുധാകരനെ മന്പറത്ത് സ്ഥാനാർഥിയാക്കാൻ കെപിസിസി ആലോചിച്ചിട്ടില്ല. മുന്നൊരുക്കമില്ലാതെ സ്ഥാനാർഥിയാകാൻ സുധാകരനും തയാറല്ല. പൊതുധാരണയുടെ അടിസ്ഥാനത്തിലാണ് സുധാകരനോട് മന്പറത്ത് ഇറങ്ങാൻ ആവശ്യപ്പെട്ടത്.
5. യുഡിഎഫ്-ബിജെപി ധാരണ ?
*കാലങ്ങളായി പറയുന്നതാണ്. അതിലൊന്നും ഒരു കാര്യവുമില്ല.
6. കേന്ദ്ര ഏജൻസികളുടെ അന്വേഷണം വഴിമുട്ടിയോ?
*കേസന്വേഷണം ശരിയായ ദിശയിൽ മുന്നോട്ടുപോകാത്തത് സിപിഎം-ബിജെപി കൂട്ടുകെട്ടിന്റെ ഭാഗമാണ്. ആർഎസ്എസ് നേതാവ് ബാലശങ്കർ തന്നെ പലകാര്യങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
കേരളത്തിൽ മറ്റു സ്ഥലങ്ങളിൽ സ്ഥാനാർഥികളുടെ പത്രിക തള്ളിയതുമായി കൂട്ടിവായിച്ചാൽ ഇതു മനസിലാകും.
7. സിപിഎം പാർട്ടി ഗ്രാമങ്ങളിൽ കോൺഗ്രസ് പ്രവർത്തകർക്ക് ബൂത്ത് ഏജന്റായി ഇരിക്കാൻ സാധിക്കുന്നില്ലെന്ന പരാതിയുണ്ടല്ലോ?
*ശരിയാണ്. എന്നാൽ, അതിനേക്കാൾ ഗൗരവകരമാണ് ഇരട്ട വോട്ട്. പല മണ്ഡലങ്ങളിലും ഇത്തരത്തിൽ വോട്ടുണ്ട്. ഇക്കാര്യം ഉയർത്തിക്കൊണ്ടുവരാൻ താമസിച്ചുപോയി. എന്നാലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടുമെന്ന വിശ്വാസമുണ്ട്.
8. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഫലം?
*തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലവും ഇരട്ടവോട്ടും തമ്മിൽ ബന്ധമുണ്ട്. കേരളത്തിലെ വോട്ടർ പട്ടിക അബദ്ധ പഞ്ചാംഗമാണ്.
9. കണ്ണൂർ മണ്ഡലങ്ങളിലെ വിജയസാധ്യത?
*കണ്ണൂരിൽ മാത്രമല്ല, കേരളത്തിൽ യുഡിഎഫിന് മികച്ച വിജയം ലഭിക്കും.
10. ഇരട്ട വോട്ടുകൾ സംബന്ധിച്ച് ഗുരുതരമായ പ്രശ്നങ്ങൾ ഉയർത്തിയിട്ടുണ്ടല്ലോ?
*ഇരട്ട വോട്ടുകൾ സംബന്ധിച്ച് വ്യക്തമായ തെളിവുകൾ സഹിതമാണ് പറഞ്ഞിട്ടുള്ളത്. ജനവിധി അട്ടിമറിക്കുന്ന രീതിയിൽ സംസ്ഥാനത്ത് ലക്ഷത്തിലധികം വോട്ടുകൾ ഇരട്ട വോട്ടുകളായി ചേർത്തിട്ടുണ്ട്. ഇതിനെതിരേ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കും.