അശ്ലീല പേജുകളിലെ സന്ദര്‍ശകര്‍ സൂക്ഷിക്കുക; ചിലര്‍ ഇതെല്ലാം കാണുന്നുണ്ട്! അശ്ലീല സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരുടെ പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടു

അരുണ്‍ സെബാസ്റ്റ്യന്‍
Porn-video
കൊച്ചി: അശ്ലീലം പ്രോത്സാഹിപ്പിക്കുന്ന ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും കയറി ഇറങ്ങുന്നവര്‍  സൂക്ഷിക്കുക. നിങ്ങള്‍ക്കുള്ള കെണി തയാര്‍. കേരള  സൈബര്‍ വാരിയേഴ്‌സ് എന്ന ഹാക്കര്‍ സംഘമാണ് അശ്ലീല സൈറ്റുകളിലെ പതിവ് സന്ദര്‍ശകരെ തുറന്നുകാട്ടാന്‍ രംഗത്തുള്ളത്. സ്വന്തം ഫോണിലോ ലാപ്‌ടോപ്പിലോ ആരുമറിയാതെയാണ് കാണുന്നതെന്നു കരുതി ആശ്വസിക്കേണ്ട, നിങ്ങളെ ചിലരൊക്കെ കണ്ടുകൊണ്ടിരിക്കുകയാണ്. വ്യാജഅക്കൗണ്ടുമായി നിങ്ങള്‍ ഇന്‍റര്‍നെറ്റില്‍ കയറി ഇത്തരം സൈറ്റുകളില്‍ പരതിയാലും കുടുക്കുനുള്ള വിദ്യ സൈബര്‍ വാരിയേഴ്‌സ് എന്ന സംഘത്തിന്‍റെ കൈയിലുണ്ട്.

ആദ്യം മുന്നറിയിപ്പ്. അതു കണക്കിലെടുത്ത് ഇന്‍റര്‍നെറ്റിലെ അശ്ലീല സവാരി നിര്‍ത്തിയില്ലെങ്കില്‍  സോഷ്യല്‍ മീഡിയയില്‍ നിങ്ങളുടെ പേരുവിവരങ്ങള്‍ വരും. വ്യാജ അക്കൗണ്ട് ഉണ്ടാക്കി കയറുന്നവരുടെ യഥാര്‍ഥ അക്കൗണ്ട് കണ്ടെത്തിയാണ്  വിവരം പുറത്തുവിടുന്നത്.

കേരളാ സൈബര്‍ വാരിയേഴ്‌സ്  ഹാക്കര്‍മാരുടെ കൂട്ടായ്മയാണ്. ഇവര്‍ ഇതിനകംതന്നെ ഇത്തരത്തിലുള്ള നിരവധി പേരുടെ വിവരങ്ങള്‍ പുറത്തുവിട്ടുകഴിഞ്ഞു. അശ്ലീല ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും സ്ഥിരമായി കയറിയിറങ്ങുന്നവരുടെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു സൈബര്‍ വാരിയേഴ്‌സിന്‍റെ വാളില്‍ പ്രദര്‍ശിപ്പിക്കുകയും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയുമാണു  സൈബര്‍ വാരിയേഴ്‌സിന്‍റെ രീതി. ഇത്തരം നിരവധി പേരെ ഇവര്‍ ഇതിനകം  കുടുക്കിക്കഴിഞ്ഞു.   വ്യാജ അക്കൗണ്ടാണ് ഉപയോഗിക്കുന്നതെങ്കില്‍ യഥാര്‍ഥ അക്കൗണ്ട് കണ്ടെത്തി കേരളാ സൈബര്‍ വാരിയേഴ്‌സിന്‍റെ പേജില്‍ പ്രദര്‍ശിപ്പിക്കും.

അശ്ലീല ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും പൂട്ടിച്ചതിനു പിന്നാലെയാണു സന്ദര്‍ശകര്‍ക്കു പിറകെ കേരള സൈബര്‍ വാരിയേഴ്‌സ് കൂടിയിരിക്കുന്നത്.  സെക്‌സ് ചാറ്റിനും മറ്റുമായി ഉണ്ടാക്കിയ  60ഓളം ഫേസ്ബുക്ക് പേജുകളും ഗ്രൂപ്പുകളും ഇതിനകം പൂട്ടിച്ചു.   ഇതൊക്കെ ചെയ്യാന്‍ ഇവര്‍ക്കു നിയമപരമായ അവകാശമുണ്ടോയെന്നു ചോദിക്കുന്നവരുണ്ട് പക്ഷേ, ഹാക്കിംഗ് എന്നതു തന്നെ നിയമവിരുദ്ധമാണല്ലോ.

ആസ്വാദകരെ പിന്തിരിയൂ എന്ന ഉപദേശം നല്‍കുകയാണ് ആദ്യപടി. ഇത്തരം  ഗ്രൂപ്പുകളിലേക്കൂ മെസേജ് ചെയ്യുന്നവര്‍ക്കും  ലൈക്ക് ചെയ്യുന്നവര്‍ക്കുമാണ് ഈ സന്ദേശം ലഭിക്കുക. ഈ പണി തുടര്‍ന്നാല്‍  അക്കൗണ്ട് ഹാക്ക് ചെയ്ത് പുറംലോകത്തെത്തിക്കുമെന്നതാണു മുന്നറിയിപ്പ് സന്ദേശം.

ഗ്രൂപ്പുകള്‍ ഹാക്ക് ചെയ്തു എന്നുറപ്പായി കഴിയുന്‌പോള്‍ തന്നെ ആ പേജുകളിലെ സ്ഥിരം സന്ദര്‍ശകര്‍ തങ്ങളുടെ വ്യാജഅക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യാറുണ്ടെന്നു കേരള സൈബര്‍ വാരിയേഴ്‌സിലെ പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരംഗം പറഞ്ഞു.   ഇത്തരം പേജ് ഹാക്ക് ചെയ്യുന്‌പോള്‍ തന്നെ സന്ദര്‍ശകര്‍ക്കും ലൈക്കും മെസേജും ചെയ്തവര്‍ക്കും  മുന്നറിയിപ്പ് നല്‍കും. ഇതു കണ്ടാണു മിക്കവാറും ആളുകളും അക്കൗണ്ടുകള്‍ ഡിലീറ്റ് ചെയ്യുന്നത്.   ഈ പേജുകളും ഗ്രൂപ്പുകളും സന്ദര്‍ശിക്കുന്നവരില്‍ 95 ശതമാനവും വ്യാജ അക്കൗണ്ടു വഴിയാണു ചെയ്യുന്നത്. ലൈംഗിക ഉള്ളടക്കമുള്ള  ഓരോ   ഗ്രൂപ്പുകളിലും മറ്റും 4000 5000 ആളുകള്‍ അംഗങ്ങളായിട്ടുണ്ടാകും. ഇവര്‍ക്കു ഓരോരുത്തര്‍ക്കും  മുന്നറിയിപ്പു സന്ദേശം നല്‍കാനുള്ള പ്രായോഗിക ബുദ്ധിമുട്ട്  പരിഗണിച്ചു ഗ്രൂപ്പുകളില്‍തന്നെ പൊതുവായി മുന്നറിയിപ്പു സന്ദേശം നല്‍കുന്നത്. നിലവില്‍ ഫേസ് ബുക്ക് ഗ്രൂപ്പുകളിലെ നിരീക്ഷണം സമൂഹമാധ്യമങ്ങളില്‍ വിപുലപ്പെടുത്താനും ഇവര്‍ക്ക് ഉദ്ദേശമുണ്ട്.

ഇത്തരം പേജുകള്‍  സന്ദര്‍ശിക്കുന്നവരുടെയും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെയും വിവരങ്ങള്‍ പോലീസിനു കൈമാറാന്‍ കേരളാ സൈബര്‍ വാരിയേഴ്‌സ് തയാറാണ്. പക്ഷേ,  ഉടനടി നടപടിയുണ്ടാകുമെന്ന ഉറപ്പു ലഭിച്ചാല്‍ മാത്രമെ ഇതു ചെയ്യൂവയെന്നാണ് ഇവരുടെ നിലപാട്.  തങ്ങളുടെ ഐഡന്‍റിറ്റി വെളിപ്പെടുത്താതെ വിവരങ്ങള്‍ കൈമാറാമെന്നതാണു കേരളാ സൈബര്‍ വാരിയേഴ്‌സിന്‍റെ നിലപാട്.  പോലീസ് നടപടി എടുക്കുമെന്നുറപ്പാണെങ്കില്‍ തെളിവുസഹിതം കൈമാറാന്‍ തയാറാണെന്നും അവര്‍ പറയുന്നു.

ജിഷ്ണു പ്രണോയിയുടെ മരണത്തിന്‍റെ പശ്ചാത്തലത്തില്‍  നെഹ്‌റു കോളജുകളുടെ സൈറ്റുകള്‍ ഹാക്ക് ചെയതതിനു പിന്നില്‍ തങ്ങളാണെന്ന അവകാശവാദം  കേരള സൈബര്‍ വാരിയേഴസ് മുന്നോട്ടുവയ്ക്കുന്നു. നിരവധി സൈബര്‍ ആക്രമണങ്ങളിലൂടെ പേരുകേട്ടവരാണു കേരളാ സൈബര്‍ വാരിയേഴ്‌സ് ഉള്‍പ്പെടെയുള്ള മലയാളി ഹാക്കര്‍മാര്‍. തെരുവുനായ വിഷയത്തില്‍  മേനകാഗാന്ധിയുടെ സംഘടനയുടെ വെബ്‌സൈറ്റ് ഇവര്‍ തകര്‍ത്തിരുന്നു. പാക്കിസ്ഥാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ സലിംകുമാറും മമ്മൂട്ടിയുമെല്ലാം നിറഞ്ഞുനിന്നത് ഈ അടുത്താണ്. എംടിയുടെ വെബ്‌സൈറ്റ് പാക്കിസ്ഥാന്‍ ഹാക്കര്‍മാര്‍ തകര്‍ത്തതിന്‍റെ പ്രതികാരമായിട്ടായിരുന്നു ഈ നടപടിയെന്നാണു പറയുന്നത്.  തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്തതിന്‍റെ പ്രതികാരമായി പാകിസ്ഥാനിലെ വിമാനത്താവളത്തിന്‍റെ ഔദ്യോഗിക വെബ്‌സൈറ്റ് തകര്‍ത്തു പാലാരിവട്ടത്തേക്കു വിമാനം ചാര്‍ട്ട് ചെയ്തവരാണു കേരള സൈബര്‍ വാരിയേഴ്‌സ് എന്ന മലയാളി ഹാക്കിംഗ് സംഘം.

Related posts