മുംബൈ: ഭർത്താവിന്റെ അശ്ലീല ആസക്തി ജീവിതം തകർക്കുന്നതിനാൽ ഓണ്‍ലൈൻ അശ്ലീല വെബ്സൈറ്റുകൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി സുപ്രീം കോടതിയിൽ. മുംബൈ സ്വദേശിനിയായ ഇരുപത്തേഴുകാരിയാണ് ഭർത്താവിന്റെ അശ്ലീല ആസക്തി വൈവാഹിക ജീവിതം തകർക്കുകയാണെന്ന് കുറ്റപ്പെടുത്തി കോടതിയെ സമീപിച്ചിട്ടുള്ളത്.
അശ്ലീല ദൃശ്യങ്ങളോടുള്ള ആസക്തി കാരണം ഭർത്താവ് ദൈനംദിന പ്രവർത്തനങ്ങൾ അവഗണിക്കുകയാണെന്നും തന്റെ മാനസികവും ശാരീരികവുമായ ആവശ്യങ്ങൾ ഭർത്താവ് നിറവേറ്റുന്നില്ലെന്നും യുവതി ഹർജിയിൽ ആരോപിക്കുന്നു. ഇക്കാരണത്താൽ ഭർത്താവ് വിവാഹമോചനത്തിനു നിർബന്ധിക്കുകയാണെന്നും കുടുംബക്കോടതിയെ ഇപ്പോൾത്തന്നെ സമീപിച്ചിട്ടുണ്ടെന്നുമാണ് യുവതിയുടെ പരാതി. തന്റെ ഇംഗിതത്തിനു വിരുദ്ധമായി പ്രകൃതിവിരുദ്ധ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ ഭർത്താവ് നിർബന്ധിക്കുകയാണെന്നും യുവതി ഹർജിയിൽ പരാതിപ്പെടുന്നു.
ഓണ്‍ലൈൻ പോണോഗ്രഫി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് 2013ൽ സമർപ്പിച്ചിട്ടുള്ള ഹർജിയിൽ കക്ഷി ചേരുന്നതിനായാണ് യുവതിയുടെ അപേക്ഷ. ഭർത്താവിന്റെ അശ്ലീല ആസക്തി കുടുംബജീവിതം തകർക്കുന്നെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ വർഷം മറ്റൊരു സ്ത്രീയും സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഓണ്‍ലൈൻ പോണോഗ്രഫി നിരോധിക്കുന്നതിന്റെ സാധ്യത കോടതി ആരാഞ്ഞിരുന്നെങ്കിലും ചൈൽഡ് പോണോഗ്രഫി മാത്രമേ നിരോധിക്കാൻ കഴിയൂ എന്നാണു കേന്ദ്രസർക്കാർ നിലപാട്.