കുമരകം: ഹോട്ടലിൽ കക്കാൻ കയറിയ മോഷ്ടാവിനു പണം മാത്രം പോരായിരുന്നു. 6,000 രൂപ അപഹരിച്ചതിനൊപ്പം വയറ് നിറയെ പൊറോട്ടയും ബീഫ് ഫ്രൈയും കഴിച്ചാണ് കള്ളൻ മടങ്ങിയത്.
കൂടെ ഗ്യാസ് സിലണ്ടറും കൊണ്ടുപോയി. കുമരകം സുധർമ ഹോട്ടലിലാണ് കള്ളൻ കയറിയത്.
ഇന്നലെ രാത്രി 7.15ന് ഹോട്ടൽ അടച്ച് ഉടമ ശ്രീജ വീട്ടിലേക്കു മടങ്ങിയിരുന്നു. ഇന്നു പുലർച്ചെ തുറക്കാൻ എത്തിയപ്പോഴാണു ഹോട്ടലിൽ മോഷണം നടന്ന വിവരം അറിഞ്ഞത്.
അടുക്കള വാതിൽ തകർത്താണ് തസ്കരൻ ഹോട്ടലിനുള്ളിൽ പ്രവേശിച്ചത്. ഗ്യാസ് സിലണ്ടറിനൊപ്പം ട്യൂബും റഗുലേറ്ററും കൊണ്ടുപോയി.
മേശയ്ക്കുള്ളിലെ പണവും ചാരിറ്റി ബോക്സിലെ പണവുമാണു നഷ്ടപ്പെട്ടതെന്നു ശ്രീജ പോലീസിനു നൽകിയ പരാതിയിൽ പറയുന്നു. കുമരകം പോലീസ് അന്വേഷണം ആരംഭിച്ചു.