ബംഗളൂരു: അതൊരു അന്യായ ചതിയായിപ്പോയി… പൊ റോട്ടയ്ക്ക് ജിഎസ്ടി നിരക്ക് ഉയർത്തിയതിൽ പ്രതിഷേ ധവുമായി രംഗത്തുവന്നിരിക്കുകയാണ് സോഷ്യൽ മീഡി യയും പൊറോട്ട ആരാധകരും.
പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടി ഈടാക്കാമെന്ന കർണാടക അതോറിറ്റി ഫോർ അഡ്വാൻഡ്സ് റൂളിംഗിന്റെ (എഎആർ) ഉത്തരവിനെതിരെയാണ് പ്രതിഷേധം ഉയരുന്നത്.
പൊറോട്ട റൊട്ടിയല്ല. അതിനാൽ അഞ്ചല്ല, 18 ശതമാനമാണ് ജിഎസ്ടി നിരക്കാണ് ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്. ഹാൻഡ്സ് ഒാഫ് പൊറോട്ട എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ മണിക്കൂറുകൾ കൊണ്ടുതന്നെ ട്രെൻഡിംഗ് ആയി മാറി. “ഫുഡ് ഫാസിസം’ എന്നാണ് പലരും കർണാടക എഎആറിന്റെ തീരുമാനത്തെ വിളിക്കുന്നത്.
ബംഗളൂരു ഭക്ഷ്യ വിതരണ കമ്പനിയായ ഐഡി ഫ്രഷ് ഫുഡ്സാണ് ചപ്പാത്തിക്കും റൊട്ടിക്കും സമാനമായ ജിഎസ്ടി നിരക്ക് പൊറോട്ടയ്ക്കും നടപ്പാക്കണമെന്ന ആവശ്യവുമായി എഎആറിന്റെ മുമ്പാകെ എത്തിയത്.
‘റൊട്ടി’ പൊതുനാമം ആണെന്നും ഇന്ത്യയിലെ വിവിധ ഭക്ഷണങ്ങൾ ഇതിൽ വരുമെന്നുമുള്ള അഭിപ്രായത്തോട് എആർആർ യോജിച്ചില്ല. റൊട്ടി എന്നത് നേരത്തെ തയാറാക്കിയതോ പൂർണമായതോ ആയ ഭക്ഷണമാണ്. എന്നാൽ പായ്ക്കറ്റിലുള്ള പൊറോട്ട ഉപയോഗിക്കുന്നതിനു മുമ്പ് വീണ്ടും ചൂടാക്കേണ്ടതുണ്ട്.
ഈ പശ്ചാത്തലത്തിൽ റൊട്ടിയുടെ വകഭേദത്തിൽ പൊറോട്ടയെ ഉൾപ്പെടുത്താനാവില്ലെന്നാണു എആർആറിന്റെ കണ്ടെത്തൽ. നികുതി സ്ലാബ് മാറ്റുന്നതോടെ പായ്ക്കറ്റ് പൊറോട്ടയ്ക്ക് വില കൂടിയേക്കാം.
ഇതോടെ പായ്ക്കറ്റിലുള്ള പൊറോട്ടയ്ക്ക്, സമാനമായ രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചപ്പാത്തി, റൊട്ടി എന്നിവയേക്കാൾ ഉയർന്ന നികുതി സ്ലാബ് തുടരുമെന്ന് ഉറപ്പായി.
അതോറിറ്റിയുടെ ഉത്തരവ് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാവു കയായിരുന്നു. ഹാൻഡ്സ് ഒാഫ് പൊറോട്ട എന്ന ഹാഷ്ടാഗിൽ കേരള ടൂറിസവും വിഷയത്തിൽ പ്രതികരണവുമായി എത്തി.