മുംബൈ: സ്പോർട്സ് കാർ നിർമാതാക്കളായ പോർഷെ ലിമിറ്റഡ് എഡിഷൻ മോഡലായ 911 ആർ ഇന്ത്യയിൽ അവതരിപ്പിച്ചു. അന്താരാഷ്ട്രതലത്തിൽ ആകെ 991 കാറുകൾ മാത്രമാണ് നിർമിച്ചിട്ടുള്ളത്. വില എത്രയെന്ന് വെളിപ്പെടുത്തിയിട്ടില്ലെങ്കിലും കാറിന് മൂന്നു കോടി രൂപ വിലവരുമെന്ന സൂചനയുണ്ട്. ടാക്സ് ഉൾപ്പെടാതെയുള്ള വിലയാണിത്.
പോർഷെയുടെ പൈതൃക മോഡലാണ് 911. 1967ൽ നിരത്തുകളിൽ കുതിച്ചുപാഞ്ഞ റേസിംഗ് കാറായ 911ന്റെ ഓർമ പുതുക്കുന്നതിന്റെ ഭാഗമായാണ് ലിമിറ്റഡ് എഡിഷൻ 911 ആർ പോർഷെ പുറത്തിറക്കുന്നത്.
ബംഗളൂരു സ്വദേശിക്കു നല്കാനാണ് 911 ആർ ഇന്ത്യയിലെത്തിച്ചത്. ആറ് സിലിണ്ടർ, നാല് ലിറ്റർ എൻജിനാണ് 911ആറിന്റെ കരുത്ത്. 3.8 സെക്കൻഡുകൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കുന്ന വാഹനത്തിന്റെ പരമാവധി വേഗം മണിക്കൂറിൽ 323 കിലോമീറ്ററാണ്.