ഗാന്ധിനഗർ: മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ പോർട്ടബിൾ എക്സ്റേ സ്ഥാപിക്കണമെന്ന വർഷങ്ങളായുള്ള ആവശ്യം പരിഗണിക്കുവാൻ സർക്കാർ തയ്യാറാകണമെന്ന് വിവിധ ഡോക്ടർമാർ ആവശ്യപ്പെട്ടു.നവജാത ശിശുക്കൾ മുതൽ 12 വയസ് വരെയുള്ളവരെയാണ് ഇവിടെ ചികിത്സിക്കുന്നത്.
എന്നാൽ അടിയന്തര സാഹചര്യങ്ങളിൽ കുട്ടികളെ പുറത്തേക്ക് ഇറക്കുവാൻ കഴിയാതെ വരുന്പോൾ പോർട്ടബിൾ എക്സ്റേ (കൊണ്ടു നടക്കാവുന്ന എക്സ്റേ മെഷീൻ) ആണെങ്കിൽ രോഗികിടക്കുന്ന സ്ഥലത്ത് കൊണ്ടുപോയി എടുക്കുവാൻ കഴിയും.
കേരളത്തിലെ മറ്റ് മെഡിക്കൽ കോളജ് ആശുപത്രികളിലും കുട്ടികളുടെ ആശുപത്രിയിലും ഇത് ഉണ്ടെങ്കിലും ചികിത്സാ രംഗത്ത് നല്ല മികവ് പ്രകടിപ്പിക്കുന്ന കോട്ടയം മെഡിക്കൽ കോളജ് കുട്ടികളുടെ ആശുപത്രിയിൽ സ്ഥാപിക്കുവാൻ കഴിഞ്ഞിട്ടില്ല.
വൈകുന്നേരം അഞ്ചു മണിക്ക് ശേഷവും ഞായറാഴ്ച പൂർണമായും നിലവിലുള്ള സാധാരണ എക്സ്റേ പ്രവർത്തിപ്പിക്കുവാനും അധികൃതർക്ക് കഴിയുന്നില്ല. ആവശ്യത്തിനു് ജീവനക്കാരില്ലാത്തതാണ് 24 മണിക്കൂറും എക്സ്റേ പ്രവർത്തിപ്പിക്കുവാൻ കഴിയാത്തതിന് കാരണമെന്ന് ആശുപത്രി അധികൃതർ പറയുന്നു.