തുവ്വൂര്‍: ഒരു മാസം മുമ്പ് തനിക്ക് 80 ലക്ഷം ലോട്ടറിയടിച്ചെന്ന വാര്‍ത്ത പ്രചരിച്ചപ്പോള്‍ അത് പാണ്ടിക്കാട് സ്വദേശി യൂസഫ് ഒന്നു സന്തോഷിച്ചു. എന്നാല്‍ അധികം താമസിക്കാതെ തന്നെ അത് ഒരു വ്യാജവാര്‍ത്തയാണെന്നു മനസ്സിലായപ്പോള്‍ ആ മനുഷ്യന്‍ തകര്‍ന്നു പോയി.എന്നാല്‍ സംഭവത്തിന് ഒരു മാസത്തിനിപ്പുറം കാരുണ്യ ലോട്ടറിയുടെ 80 ലക്ഷം ലോട്ടറിയടിച്ചപ്പോള്‍ യുസഫിന് ഒരു തരത്തിലുമുള്ള ഞെട്ടലുമില്ല.
ചുമട്ടു തൊഴിലാളിയായ യൂസഫ് ഇടയ്ക്ക് ലോട്ടറി എടുക്കാറുണ്ടെങ്കിലും ചെറിയ തുകകള്‍ മാത്രമേ പ്രതീക്ഷിച്ചിട്ടുള്ളൂ. ഒരു മാസം മുന്‍പ് തനിക്ക് ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചു.എന്നാല്‍ ആ സന്തോഷം നിരാശയ്ക്കു വഴിമാറിയെങ്കിലും കൃത്യം ഒരു മാസം പിന്നിട്ടപ്പോഴേയ്ക്കും ആ നിരാശ മാറിയതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ യൂസഫ്. പാണ്ടിക്കാട് പൂളമണ്ണയിലെ നെടുമ്പ സ്വദേശിയാണ് അമ്പത്തിയാറുകാരനായ യൂസഫ്. സമ്മാനം അടിച്ചെന്ന് ഉറപ്പായതോടെ ടിക്കറ്റ് തുവ്വൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഏല്‍പ്പിച്ചു. പുളമണ്ണയിലെ പീവീസ് ലോട്ടറി ഏജന്‍സിയില്‍ നിന്നാണ് യൂസഫ് ടിക്കറ്റെടുത്തത്. ആയിഷയാണ് യൂസഫിന്റെ ഭാര്യ.