തിരുവനന്തപുരം: കോടതിക്ക് പുറത്ത് വച്ച് പോക്സോ കേസുകൾ ഒത്തു തീർപ്പാക്കുന്നുവെന്ന് സംസ്ഥാന ഇന്റലിജൻസ്. ഇന്റലിജൻസിന്റെ റിപ്പോർട്ടിനെ തുടർന്ന് ഡിജിപി ഉന്നതതല യോഗം വിളിച്ചു ചേർക്കുകയും കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസുകൾ പരിശോധിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് നിർദേശം നൽകുകയും ചെയ്തു.
ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകള്‍ നിരീക്ഷിക്കാനും ഡിജിപി നിർദേശം നൽകി. എല്ലാ ജില്ലകളിലെയും കോടതികളിലെത്തിയ കേസുകള്‍ വിശദമായ പരിശോധിക്കാനാണ് ഡിജിപിയുടെ നിർദേശം.
ചില പബ്ലിക്പ്രോസിക്യൂട്ടർമാരും പൊലീസുകാരും ചേർന്നാണ് കേസുകൾ കോടതിക്ക് പുറത്ത് ഒത്തു തീർപ്പാക്കുന്നതിന് ഇടനിലക്കാരാകുന്നതെന്നാണ് സംസ്ഥാന ഇന്റലിജൻസ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഓരോ ജില്ലയിലും പോക്സോ കേസുകള്‍ ഒത്തു തീർക്കുന്നതിന്റെ എണ്ണം കൂടിക്കൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
എഫ്ഐആർ റജിസ്റ്റർ ചെയ്യുമ്പോൾ തന്നെ പോക്സോ കേസുകളിൽ ക്രമക്കേടുകൾ ആരംഭിക്കുന്നതായാണ് യോഗത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. തിരുവനന്തപുരം ജില്ലയിൽ ഒത്തു തീർപ്പ് കേസുകളുടെ എണ്ണം കൂടുതലാണ്. പോക്സോ കേസിൽ ഒത്തുതീർപ്പിന് വ്യവസ്ഥയില്ലെന്നിരിക്കെയാണ് മൊഴി മാറ്റലുകളിലൂടെയും മറ്റും പല കേസുകളും തള്ളപ്പെടാൻ ഇടയാകുന്നത്.
എല്ലാ ജില്ലാ പോലീസ് മേധാവിമാരോടും പോക്സോ കേസുകളുടെ വിശദമായ വിവരങ്ങള്‍ കോടതിയിൽ നിന്നും ശേഖരിച്ചു നൽകാൻ ക്രമസമാധാനചുമലയുള്ള എഡിജിപി നിർദേശിച്ചു.ഡിഐജിമാർ ഓരോ കേസുകളും പ്രത്യേകം പഠിക്കണമെന്നും കോടതിയിലെ കേസുകൾ നിരീക്ഷിക്കാനും സാക്ഷികളെയും ഇരകളെയും സഹായിക്കാൻ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും ഡിജിപി നിർദേശം നൽകി.