തിരുവനന്തപുരം: ആറു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിൽ അമ്മൂമ്മയുടെ കാമുകൻ വിക്രമന് (68) മരണം വരെ ഇരട്ട ജീവപര്യന്തം കഠിനതടവും 60,000 രൂപ പിഴയും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി ആർ. രേഖ ശിക്ഷ വിധിച്ചു.
പിഴ അടച്ചില്ലെങ്കിൽ ആറു മാസം കൂടുതൽ തടവ് അനുഭവിക്കണം. ഇതു കൂടാതെ പതിനാലു വർഷം കൂടി തടവ് അനുഭവിക്കണം.
ഒന്പതു വയസുള്ള ചേച്ചിയുടെ മുന്നിൽ വച്ചാണു കുട്ടിയെ പ്രതി പീഡിപ്പിച്ചത്. ചേച്ചിയെ പീഡിപ്പിച്ച കേസിൽ നവംബർ അഞ്ചിനു കോടതി വിധി പറയും. പിഴത്തുക കുട്ടിക്കു നൽകണം.
2020, 2021 കാലഘട്ടത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയും അച്ഛനും ഉപേക്ഷിച്ചതിനെ തുടർന്നു കുട്ടികളുടെ സംരക്ഷണച്ചുമതല അമ്മൂമ്മയ്ക്കായിരുന്നു.
അമ്മൂമ്മയെ ഭർത്താവ് ഉപേക്ഷിച്ചിരുന്നു. ഈ സമയമാണ് പ്രതിയുമായി അടുപ്പത്തിലാകുകയും ഒരുമിച്ചു താമസിക്കുകയും ചെയ്തത്.