സ്വന്തംലേഖകന്‍
കോഴിക്കോട് : സ്ത്രീപീഡനകേസ് ഒതുക്കി തീര്‍ക്കാന്‍ മന്ത്രി ഇടപെട്ടതും ഇരയായ യുവതിയുടെ പരാതിയില്‍ പോലീസ് നടപടി സ്വീകരിക്കാത്തതും വിവാദ കൊടുങ്കാറ്റായി മാറുന്നതിനിടെ പീഡനപരാതിയില്‍ നടപടി സ്വീകരിച്ച പോലീസുകാര്‍ വെട്ടില്‍ ! സുല്‍ത്താന്‍ ബത്തേരി പോലീസ് രജിസ്റ്റര്‍ ചെയ്ത പോക്സോ കേസാണ് പോലീസിന് തലവേദനയായി മാറിയത്.
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ടതായിരുന്നു കേസ്. പീഡനവിവരം അറിഞ്ഞതിന് പിന്നാലെ മൊഴിയെടുക്കുകയും പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തതിനെയാണ് മേലധികാരി ഇപ്പോള്‍ ചോദ്യം ചെയ്തത്.
കണ്ണൂര്‍ റേഞ്ച് ഡിഐജിയാണ് വയനാട് ജില്ലാ പോലീസ് മേധാവിക്കും സുല്‍ത്താന്‍ ബത്തേരി എസ്എച്ച്ഒയ്ക്കും വിഷയത്തില്‍ വിശദീകരണം ആവശ്യപ്പെട്ടുകൊണ്ട് നോട്ടീസ് നല്‍കിയത്. ഡിഐജിയുടെ നടപടി പോലീസിനുള്ളില്‍ വിവാദമായി മാറിയിട്ടുണ്ട്.
രണ്ടു മാസം മുമ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ സുല്‍ത്താന്‍ബത്തേരി പോലീസ് അറസ്റ്റ് ചെയ്യുകയും റിമാന്‍ഡിലാക്കുകയും ചെയ്തു. എന്നാല്‍ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വയ്ക്കേണ്ട സാഹചര്യം എന്തായിരുന്നുവെന്നാണ് ഡിഐജിയുടെ ചോദ്യം.
‘കേസിലെ അതിജീവകയായ കുട്ടിയും പ്രതിയും പരസ്പരം ഇഷ്ടത്തിലാണെന്നും പ്രായപൂര്‍ത്തിയാകുമ്പോള്‍ വിവാഹം നടത്താന്‍ തീരുമാനിച്ചിരുന്നതായും കുട്ടിയുടെ അച്ഛന് തന്നെ പറയുന്നുണ്ട്. കേസന്വേഷണവുമായി സഹകരിക്കുകയും സാക്ഷികളെ സ്വാധീനിക്കുകയോ മറ്റൊ ചെയ്യാത്തതുമായ പ്രതിയെ ഈ കേസില്‍ അറസ്റ്റ് ചെയ്ത് റിമാന്‍ഡിൽ വയ്ക്കേണ്ടതായ സാഹചര്യം എന്തായിരുന്നു ? വ്യക്തമാക്കുക.
അറസ്റ്റ് നിര്‍ബന്ധമില്ലാത്ത ഈ കേസില്‍ 42 എ സിആര്‍പിസി പ്രകാരം നോട്ടീസ് കൊടുത്ത് പ്രതിയെ വിളിച്ച് വരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കാതിരിക്കാന്‍ കാരണം എന്താണ് ? ഒരാഴ്ചക്കകം വിശദീകരണം അറിയിക്കുക’ എന്നുമാണ് ഡിഐജിയുടെ നിര്‍ദേശം.
ഇരയുടെ അച്ഛന്റെ വാക്കുകള്‍ കേട്ട് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്യാതിരുന്നാല്‍ അത് വന്‍വിവാദമായി മാറുമെന്നാണ് പോലീസുകാര്‍ പറയുന്നത്. ഇതോടെ നടപടി സ്വീകരിക്കാത്ത പോലീസുകാര്‍ പ്രതിസ്ഥാനത്താവുകയും ചെയ്യും. അതേസമയം നടപടി സ്വീകരിച്ചതില്‍ വിശദീകരണം ആവശ്യപ്പെട്ട ഡിഐജിയുടെ നിലപാടിനെതിരേ പോലീസില്‍ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്.
ഇരയെ പ്രതി വിവാഹം കഴിച്ച് ജീവിക്കുന്നത് കണക്കിലെടുത്ത് 22 വയസുകാരനെതിരായ പോക്സോ കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കിയതടക്കമുള്ള അഞ്ച് വിധികള്‍ കഴിഞ്ഞ മേയ് മാസത്തില്‍ ഹൈക്കോടതി പിന്‍വലിച്ചിരുന്നു. ഇരയെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാത്രം കേസിലെ തുടര്‍നടപടി അവസാനിപ്പിക്കരുതെന്നും സുപ്രീംകോടതി വിധിയുണ്ട്.