തിരുവനന്തപുരം: പോക്സോ കേസുകളിൽ അതിക്രമത്തിനിരയാകുന്ന വ്യക്തിയുടെ പേരോ തിരിച്ചറിയാൻ സഹായിക്കുന്ന മറ്റു കാര്യങ്ങളോ വെളിപ്പെടുത്തരുതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിർദേശിച്ചു.
ഇതു സംബന്ധിച്ച് നേരത്തേ പുറപ്പെടുവിച്ച നിർദേശങ്ങളും നിപുൻ സക്സേന കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ചുള്ള മാർഗനിർദേശങ്ങളും കൃത്യമായി പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ലൈംഗികാതിക്രമത്തിനിരയായ വ്യക്തിയുടെ പേരോ തിരിച്ചറിയാൻ സഹായിക്കുന്ന ഏതെങ്കിലും വസ്തുതകളോ അച്ചടി, ഇലക്ട്രോണിക്, നവമാധ്യമങ്ങളിൽ കൂടി പ്രസിദ്ധീകരിക്കരുതെന്നാണ് സുപ്രീം കോടതി നിർദേശിച്ചത്.
കുറ്റകൃത്യത്തിന് ഇരയായ വ്യക്തി മരിക്കുകയോ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയോ ചെയ്യുന്ന ഘട്ടത്തിലായാൽപ്പോലും അടുത്ത ബന്ധുവിന്റെ അനുമതി ഉണ്ടെങ്കിൽക്കൂടി പേരു വെളിപ്പെടുത്താൻ പാടില്ല. പേരു വെളിപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായാൽ അത് തീരുമാനിക്കാനുള്ള അധികാരം സെഷൻസ് ജഡ്ജിക്കായിരിക്കും.
പോക്സോ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ, ഇന്ത്യൻ ശിക്ഷാ നിയമം 376, 376 എ, ബി, സി, ഡി, ഡി എ, ഡി ബി, ഇ, 376 ഇ വകുപ്പുകൾ പ്രകാരമുള്ള കുറ്റകൃത്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടുള്ള പ്രഥമവിവര റിപ്പോർട്ട് പബ്ലിക് ഡൊമൈനിൽ പ്രസിദ്ധീകരിക്കാൻ പാടില്ല. ഇത്തരം വ്യക്തിയുടെ പേര് പരാമർശിക്കുന്ന രേഖകൾ പോലീസ് ഉദ്യോഗസ്ഥർ കഴിയുന്നതും സീൽ ചെയ്ത കവറിൽ സൂക്ഷിക്കേണ്ടതാണ്.
അന്വേഷണ ഏജൻസി, കോടതി എന്നിവയിൽ നിന്നു കുറ്റകൃത്യത്തിനിരയായ വ്യക്തിയുടെ പേര് ലഭിക്കുന്ന എല്ലാ ഏജൻസികൾക്കും അവ രഹസ്യമായി സൂക്ഷിക്കാൻ ബാധ്യതയുണ്ട്.
സീൽ ചെയ്ത കവറിൽ കോടതിക്കോ അന്വേഷണ ഏജൻസിക്കോ നൽകുന്ന റിപ്പോർട്ടിൽ മാത്രമേ പേര് പരാമർശിക്കാവൂ എന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു.