മുളന്തുരുത്തി: കുട്ടികള്‍ക്കെതിരേയുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള പോക്സോ കോടതികളുടെ പ്രവര്‍ത്തനം അതിവേഗ കോടതികളിലേയ്ക്കു മാറ്റണമെന്നു സോഷ്യല്‍ ജസ്റ്റീസ് ഫോറം സംസ്ഥാന പ്രസിഡന്റ് കെ.എം. വര്‍ഗീസ്. തൊടുപുഴയിലെ ഏഴുവയസുകാരനെ അതിദാരുണമായി കൊലപ്പെടുത്തുവാന്‍ സുഹൃത്തിന് ഒത്താശ ചെയ്തു കൊടുത്ത അമ്മയെ മാപ്പു സാക്ഷിയാക്കി രക്ഷിക്കുന്നതിനുള്ള അധികാരികളുടെ ഗൂഢശ്രമം അപലപനീയമെന്നും അദേഹം അഭിപ്രായപ്പെട്ടു.
മുളന്തുരുത്തി സിജി എല്‍പി സ്കൂള്‍ ഹാളില്‍ വച്ച് ഫോറം സംഘടിപ്പിച്ച “നമുക്കു പഠിക്കാം, നന്മയുടെ പാഠം’ സൗഹൃദ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. സംസ്ഥാന നിര്‍വാഹകസമിതിയംഗം യു. ഐസക് അധ്യക്ഷത വഹിച്ചു.
കുഞ്ഞിളം കൈയില്‍ സമ്മാനം മാര്‍ത്തോമന്‍ കത്തീഡ്രല്‍ വികാരി റവ. ഫാ. ഷാജി മാമ്മൂട്ടിലും പേരന്റ്സ് ഫോറം കണ്വന്ഷന് സംസ്ഥാന ജോയിന്റ് സെക്രട്ടറി വി. മര്‍ക്കോസും ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി.ജി. ബീനാകുമാരി ഗുരുവന്ദനം നടത്തി. സംസ്ഥാന നിര്‍വാഹകസമിതിയംഗം കെ.ആര്. ഷാജി മുഖ്യപ്രഭാഷണം നടത്തി.
ജെയിംസ് താളൂരത്ത്, സാംസണ് ഫിഗറസ്, ജോയി തുരുത്തിപ്പിള്ളി, പി.യു. ഗീതു, സ്കൂള്‍ ഹെഡ്മിസ്ട്രസ് ഡിംപിള്‍ കെ. തോമസ്, കെ. ജി. ശിവന്, തുടങ്ങിയവര്‍ പ്രസംഗിച്ചു.