കൊയിലാണ്ടി: കൊയിലാണ്ടിയിൽ അനുവദിച്ച പോക്സോ കോടതി ജൂൺ ആദ്യവാരത്തോടെ ആരംഭിക്കും. സംസ്ഥാനത്താകെ അനുവദിച്ച 28 പോക്സോ കോടതികളിൽ കോഴിക്കോട് ജില്ലയിലേക്കായി അനുവദിച്ച രണ്ടെണ്ണത്തിലൊന്നാണ് കൊയിലാണ്ടിയിലേത്. മറ്റൊന്ന് കോഴിക്കോട് ജില്ലാ കോടതി കോംപ്ലക്സിലാണ് പ്രവർത്തനമാരംഭിക്കുക.
നിലവിൽ സബ് കോടതി, ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി എന്നിവ പ്രവർത്തിച്ചു വരുന്ന കൊയിലാണ്ടിയിൽ പോക്സോ കോടതി കൂടി വരുന്നതോടെ കോടതികൾ മൂന്നെണ്ണമാവുകയാണ്. എംഎൽഎ ഫണ്ട് ഉപയോഗിച്ച് നിർമിച്ച തെക്കുഭാഗത്തുള്ള കെട്ടിടത്തിലെ ഒന്നാം നിലയിലാണ് കോടതി പ്രവർത്തിക്കുക.
കോടതി ഹാളിൽ ഡയസ്സും മറ്റ് ഫർണീച്ചറുകളും ഒരുക്കുന്നതിനായി സിഡ്കോയെയും പൊതുമരാമത്ത് കെട്ടിടവിഭാഗത്തെയും ചുമതലകൾ ഏൽപ്പിച്ചു കഴിഞ്ഞതായി കെ.ദാസന് എംഎല്എ അറിയിച്ചു. പ്രവൃത്തികൾ 30 നകം വേഗത്തിൽ പൂർത്തീകരിക്കാനാണ് നിർദേശമെങ്കിലും ഒരാഴ്ച കൂടി വേണ്ടി വരുമെന്നാണ് കരുതുന്നത്.
കോടതി പ്രവർത്തിപ്പിക്കാനാവശ്യമായ സ്റ്റാഫുകളുടെ ക്രമീകരണം പൂർത്തിയായിട്ടുണ്ട്. അഡീഷണൽ ജില്ലാ ജഡ്ജ്, സ്പെഷൽ പബ്ലിക് പ്രൊസിക്യൂട്ടർ ഉൾപ്പെടെ ഏഴ് തസ്തികകളാണ് പുതുതായി അനുവദിച്ചത്.
ഗ്രേഡ് ഒന്ന് ബെഞ്ച് ക്ലർക്ക്, സീനിയർ ക്ലർക്ക്, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, ടൈപ്പിസ്റ്റ്, പ്യൂൺ തുടങ്ങിയവരാണ് ഉണ്ടാവുക. ഇതിൽ താത്ക്കാലികാടിസ്ഥാനത്തിലുള്ള തസ്തികകളിലേക്കുള്ള കൂടിക്കാഴ്ച ജില്ലാ കോടതിയിൽ ഇതിനോടകം പൂർത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്.
ഉദ്യോഗക്കയറ്റത്തിലൂടെയും അല്ലാതെയുമുള്ള നിയമന പ്രക്രിയകൾ എല്ലാം കോടതി ആരംഭിക്കുന്നതിന് മുന്നോടിയായി തന്നെ പൂർത്തിയാക്കും. ഇപ്പോൾ കോടതിക്ക് മുൻവശം പുതുതായി നിർമിക്കുന്ന ചുറ്റുമതിലിന്റേയും കവാടത്തിന്റേയും പ്രവൃത്തി പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം സബ് ജഡ്ജിയുടെ അധ്യക്ഷതയിൽ പ്രവൃത്തികൾ വിലയിരുത്തിയതായി എംഎൽഎ പറഞ്ഞു. മാർച്ച് അവസാനത്തോടെ ആരംഭിക്കാനുദ്ദേശിച്ച പോക്സോ കോടതി കൊറോണ കാരണമാണ് ആരംഭിക്കാൻ വൈകിയത്. പുതിയ കോടതി കൂടി ആരംഭിക്കുന്നതോടെ കൊയിലാണ്ടി കോടതി സമുച്ചയം തിരക്കുള്ള വ്യവഹാര ഇടമായി മാറുകയാണ്.