കൽപ്പറ്റ: പോക്സോ നിയമത്തിന്റെ പരിധിയിൽനിന്ന് ഗോത്രവിഭാഗങ്ങളെ ഒഴിവാക്കുകയല്ല മറിച്ച് അവരെ നിയമത്തെക്കുറിച്ച് ബോധവത്കരിക്കുകയാണു വേണ്ടതെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അധ്യക്ഷ ശോഭ കോശി പറഞ്ഞു. സംസ്ഥാനത്തുടനീളം കുട്ടികൾ പലവിധ ചൂഷണങ്ങൾക്കിരയാവുന്നതിന്റെ പശ്ചാത്തലത്തിൽ ജില്ലകൾതോറും ഉദ്യോഗസ്ഥരുമായി സംസാരിച്ച് പരിഹാരങ്ങളും നിർദേശങ്ങളും തേടുന്നതിന്റെ ഭാഗമായാണ് അവർ വയനാട്ടിലെത്തിയത്.
ഇതിന്റെ ഭാഗമായി കളക്ടറേറ്റ് കോണ്ഫറൻസ് ഹാളിൽ ജില്ലാതല ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയായിരുന്നു അവർ. ഭാഷ, ദേശം, സംസ്കാരം, വർഗം തുടങ്ങിയവയ്ക്ക് അതീതമായി ഇന്ത്യയൊട്ടാകെ നടപ്പാക്കിയിട്ടുള്ള നിയമമാണ് പോക്സോ. സാംസ്കാരിക പശ്ചാത്തലം എന്തുതന്നെയായാലും ഏതെങ്കിലുമൊരു വിഭാഗത്തിനായി നിയമത്തിൽ ഇളവുവരുത്തുന്നത് ആ വിഭാഗത്തെ കൂടുതൽ ചൂഷണങ്ങളിലേക്ക് തള്ളിവിടും. എസ്സി, എസ്ടി പ്രൊമോട്ടർമാർ, ആശാ പ്രവർത്തകർ, ആംഗൻവാടി പ്രവർത്തകർ തുടങ്ങിയവർ ഗോത്രവിഭാഗങ്ങൾക്കിടയിലേക്ക് ആത്മാർഥമായി ഇറങ്ങിയാൽ നിയമത്തെക്കുറിച്ച് കോളനികൾതോറും ബോധവത്കരണം നടത്താനാകും.
പോക്സോ നിയമപ്രകാരം ജയിലിലായ യുവാക്കളുടെ ഭാര്യമാർക്ക് ആർക്കുംതന്നെ നിയമത്തെക്കുറിച്ചോ വിവാഹപ്രായത്തെക്കുറിച്ചോ ധാരണയില്ലായിരുന്നു. കൗമാരത്തിലുള്ള പ്രസവം അമ്മയ്ക്കും കുഞ്ഞിനും ഒരുപോലെ ദോഷകരമാണ്. ഈ പശ്ചാത്തലത്തിലാണ് പോക്സോ നിയമം പ്രസക്തമാകുന്നത്. പോക്സോ നിയമപ്രകാരമുള്ള നിയമനടപടികൾക്ക് ആധാർ അടിസ്ഥാനമാക്കരുത്. അത് വയസു തെളിയിക്കാനുള്ള രേഖയല്ല. ബാലനീതി നിയമപ്രകാരം സ്കൂളിൽനിന്നുള്ള ടിസി, സ്കൂൾ സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ് എന്നിവയാണ് വയസുതെളിയിക്കാനുള്ള രേഖകൾ.
ഇവ ലഭ്യമാകാത്ത പക്ഷം പ്രായം തെളിയിക്കുന്നതിനുള്ള മെഡിക്കൽ പരിശോധനാഫലം തേടണം. ഇതു സംബന്ധിച്ച് ഉടൻ സർക്കാർ ഉത്തരവുണ്ടാകും. സ്കൂളുകളിൽനിന്നും കുട്ടികൾ വ്യാപകമായി കൊഴിഞ്ഞുപോകുന്നതിനെക്കുറിച്ച് കമ്മീഷൻ അന്വേഷിച്ചുവരികയാണ്. സ്കൂളുകളിൽ ഗോത്രഭാഷ കൈകാര്യംചെയ്യുന്ന അധ്യാപകരെ നിയമിച്ചാൽ കൊഴിഞ്ഞുപോക്ക് ഒരു പരിധിവരെ തടയാനാകും. പോലീസിന്റെ ഭാഗത്ത് വീഴ്ചയുണ്ടായാൽ കമ്മീഷൻ ഇടപെടുമെന്നും ശോഭാകോശി പറഞ്ഞു.