കണ്ണൂർ: കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമക്കേസുകളിൽ വിചാരണ വേഗത്തിലാക്കാൻ തുടങ്ങിയ അതിവേഗ പോക്സോ കോടതിയുടെ പ്രവർത്തനങ്ങൾ ഒച്ചിഴയുന്ന വേഗത്തിൽ. ഇതുമൂലം ഇരകൾക്കുള്ള നീതി ഏറെ വൈകുന്നതായി പരാതി. 2023 സെപ്റ്റംബർ വരെ 9212 കേസുകളാണ് തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത്.
ഫോറൻസിക് റിപ്പോർട്ട് സമർപ്പിക്കുന്നതിലെയും പബ്ലിക് പ്രോസിക്യൂട്ടർമാരെ നിയമിക്കുന്നതിലെയും കാലതാമസമാണ് പ്രധാനമായും കേസുകൾ ഇഴയാൻ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. കോടതികളുടെ കുറവ് പരിഹരിക്കുന്നതിന് പുതിയ കോടതികൾ ആരംഭിക്കുമെന്നു കഴിഞ്ഞ വർഷം പ്രഖ്യാപനം ഉണ്ടായിരുന്നുവെങ്കിലും നാമമാത്രമായവയാണ് തുടങ്ങിയത്.
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ, ചൈൽഡ് പോർണോഗ്രാഫി തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് കഠിനശിക്ഷ വ്യവസ്ഥ ചെയ്യുന്ന നിയമമാണ് 2012 ൽ പാസായ പോക്സോ നിയമം.
തലസ്ഥാന ജില്ലയിൽ തന്നെയാണ് ഏറ്റവുമധികം കേസുകൾ കെട്ടിക്കിടക്കുന്നത്. 1452 കേസുകളാണ് പുതിയ കണക്കുകൾ പ്രകാരമുള്ളത്. എറണാകുളവും മലപ്പുറവുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉള്ളത്. യഥാക്രമം 1241, 1208 എന്നിങ്ങനെയാണ്. വയനാട്ടിലാണ് ഏറ്റവും കുറവ്. ഇരുനൂറിൽ താഴെ മാത്രമാണ് ഇവിടെ കേസുകളുള്ളത്. സംസ്ഥാനത്ത് 54 അതിവേഗ പോക്സോ കോടതികളാണ് പ്രവർത്തിക്കുന്നത്.
പലപ്പോഴും അടുത്ത ബന്ധുക്കളോ രക്ഷിതാക്കളുടെ സുഹൃത്തുക്കളോ പരിചയക്കാരോ ആണ് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ നടത്തുന്നത് എന്നതിനാൽ പ്രശ്നം കേസാക്കുന്നതിനു പകരം രഹസ്യമായി ഒത്തുതീർക്കുന്ന പ്രവണതയാണുള്ളത്.
കുട്ടികളിൽ പീഡനം ഉണ്ടാക്കുന്ന ആഴത്തിലുള്ള ഭയാശങ്കകൾ, സമൂഹത്തിലും കുടുംബത്തിനകത്തും നിലനിൽക്കുന്ന ദുരഭിമാന സങ്കല്പങ്ങൾ, പോലീസ് സ്റ്റേഷനുകളിൽ പോക്സോ കേസുകളിലെ ഇരകളോട് കാണിക്കുന്ന അവഗണന, വിചാരണ തീരാൻ വരുന്ന കാലതാമസം ഇതെല്ലാം പോക്സോ കേസുകളിൽ നീതി നടപ്പാകുന്നതിന് തടസമായി ഈ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.