മാഹി: പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപത്തിമൂന്നുകാരനെ കോടതി ശിക്ഷിച്ചു. പള്ളൂർ പോലീസ് സ്റ്റേഷനിൽ 2021ൽ പോക്സോ ആക്ട് വകുപ്പുകൾ പ്രകാരം രജിസ്റ്റർ ചെയ്ത കേസിലെ പ്രതി തലശേരി നെടുമ്പ്രം സ്വദേശി സർവീസ് എൻജിനീയർ എം.കെ. ജ്യോതിലാലിനെ (23) യാണ് ശിക്ഷിച്ചത്.
പുതുച്ചേരി ഫാസ്റ്റ് ട്രാക്ക് കോർട്ട് (പോക്സോ) ജഡ്ജി വി. സോഫനാ ദേവി 20 വർഷം കഠിന തടവിനാണ് ശിക്ഷിച്ചത്. പോക്സോ നിയമത്തിലെ സെക്ഷൻ ആറ് പ്രകാരം 20 വർഷവും ഐപിസി 449 വകുപ്പ് പ്രകാരം ഏഴു വർഷവും കഠിന തടവ് അനുഭവിക്കണം.
പ്രതി ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി. പിഴയായി 7,000 രൂപ നൽകണം. ഇരയായ പെൺകുട്ടിക്ക് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം.