കണ്ണൂര്‍: വനിതാ ജീവനക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ തടയാൻ നിലവിൽവന്ന പോഷ് ആക്ട് പ്രകാരം മൂന്നുവർഷത്തിനുള്ളിൽ രജിസ്റ്റർ ചെയ്തത് 126 പരാതികൾ. ഇതിൽ 100 എണ്ണം പരിഹരിച്ചു. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് തിരുവനന്തപുരത്താണ് (31). രണ്ടാമത് എറണാകുളം (15), തൃശൂർ (14), മലപ്പുറം (10) എന്നിങ്ങനെയാണ്. പാലക്കാട്, കാസർഗോഡ് എന്നിവിടങ്ങളിൽ ആറും അഞ്ചും പരാതികൾ ലഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒന്നും പരിഹരിച്ചിട്ടില്ല.
അതേസമയം, പത്തുകൊല്ലം മുന്‍പ് നടപ്പായ പോഷ് നിയമം പൂർണമായും നടപ്പാക്കാൻ സർക്കാർ സംവിധാനത്തിന് സാധിച്ചിട്ടില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. പലർക്കും ഇങ്ങനെയൊരു നിയമമുള്ളത് അറിയില്ല. എന്നാൽ, കുറച്ച് സ്ത്രീകൾ പരാതികളുമായി മുന്നോട്ടുവരാൻ തയാറായിട്ടുണ്ട്.
ആവശ്യമില്ലാതെ മാനസികമായി തളര്‍ത്തുക, സ്ത്രീകള്ക്കെതികരേയുള്ള ലൈംഗിക അതിക്രമം തുടങ്ങി നിരവധി പ്രശ്നങ്ങൾ സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ നേരിടുന്നുണ്ട്. എന്നാല്‍, ഇത്തരം പരാതിയുമായി സ്ത്രികള്‍ മുന്നോട്ട് വരുമ്പോള്‍ അവരെ മോശമായി ചിത്രീകരിക്കുന്ന സാഹചര്യമാണുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു.
ഉന്നത ഉദ്യോഗസ്ഥരായിരിക്കും ആരോപണവിധേയനെങ്കില്‍ അയാള്‍ക്ക് സ്വാധീനിക്കാന്‍ സാധിക്കുന്നവരായിരിക്കും പലപ്പോഴും പോഷ് ആക്ട് പ്രകാരമുള്ള ആഭ്യന്തര കമ്മിറ്റിയിലുണ്ടാകുക.അതിനാല്‍ പരാതി നല്കിയാലും അത് പരാതിക്കാരിക്ക് എതിരാക്കി മാറ്റും. പരാതി നല്കാന് തയാറാകുന്ന സ്ത്രീകളുടെ ജോലി നഷ്ടപ്പെടുകയോ തൊഴിലിടങ്ങളില്‍ ഒറ്റപ്പെടുകയോ ചെയ്യുന്ന അവസ്ഥയാണുണ്ടാകുകയെന്ന് ജീവനക്കാർ പറയുന്നു.
കൂടാതെ ജോലിയില്‍ കാര്യക്ഷമതയില്ലെന്ന് വരുത്തിതീര്‍ക്കുക, കള്ളകേസുണ്ടാകുക തുടങ്ങി മാനസിക പീഡനങ്ങളും പരാതിക്കാരികള്‍ നേരിടേണ്ടിവരുമെന്ന് ജീവനക്കാർ പറയുന്നു.