കോട്ടയം: ലോക്ഡൗണിൽ വൻ തോതിൽ വ്യാജമദ്യം ഒഴുകുന്നതിനു തടയിടാൻ പോലീസും എക്സൈസ് സംഘവും സജീവം.
ഇന്നലെ ഐലൻഡ് എക്സ്പ്രസിൽനിന്നും 18 കുപ്പി മദ്യവുമായെത്തിയ രണ്ടു പേരെയാണ് പിടികൂടിയത്. തിരുനൽവേലി സ്വദേശികളായ നല്ലതന്പി (45), കണ്ണൻ (50) എന്നിവരെയാണു കോട്ടയം റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്.
ബംഗളൂരുവിൽ നിന്ന് എത്തിച്ച മദ്യം ഇവർ യാത്ര ചെയ്തിരുന്ന സീറ്റുകൾക്ക് അടിയിൽ ഒളിപ്പിച്ച നിലയിലായിരുന്നു. 750 മില്ലി ലീറ്ററിന്റെ 18 കുപ്പികളിലാക്കിയായിരുന്നു മദ്യം സൂക്ഷിച്ചിരുന്നത്.
ഐലൻഡ് എക്സ്പ്രസിൽ മദ്യം കടത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് പരിശോധനകൾ നടത്തുകയായിരുന്നു.
തിരുനൽവേയിൽ എത്തിച്ചു വിൽപ്പന നടത്തുന്നതിനുവേണ്ടിയാണ് ഇവർ മദ്യം കടത്തിയതെന്ന് പോലീസ് പറഞ്ഞു. എസ്ഐ കെ.കെ. കുര്യൻ, സിപിഒമാരായ അജേഷ്, ശാലിനി എന്നിവർ ചേർന്നാണ് റെയ്ഡ് നടത്തിയത്.
പാന്പാടിൽ വാറ്റ് പിടിച്ചു
എക്സൈസിന്റെ നേതൃത്വത്തിൽ വിൽപനയ്ക്കു സൂക്ഷിച്ചിരുന്ന രണ്ടര ലിറ്റർ വാറ്റ് ചാരായവുമായി പാന്പാടിയിൽ നിന്നും യുവാവിനേയും പിടികൂടിയിരുന്നു.
കൂരോപ്പട ളാക്കാട്ടൂർ മൂങ്ങാക്കുഴിയിൽ അനീഷ്കുമാറാ (39) ണു പിടിയിലായത്. ലിറ്ററിനു രണ്ടായിരം രൂപയ്ക്കാണു ഇയാൾ ചാരായ വിൽപ്പന നടത്തിവന്നിരുന്നത്.
ളാക്കാട്ടൂർ, എരുത്തുപുഴ ഭാഗങ്ങൾ കേന്ദ്രീകരിച്ചു ചാരായ വിൽപ്പന നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്സൈസ് പട്രോളിംഗ് ശക്തമാക്കിയതിനിടയിലാണു അനീഷ് കുമാർ പിടിയിലായത്.
റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ ജെക്സി ജോസഫ്, അനിൽ വേലായുധൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ആന്റണി സേവ്യർ, മനു ചെറിയാൻ, അഖിൽ എസ്. ശേഖർ, വനിത ഓഫീസർ ശ്രീജ മോഹൻ എന്നിവർ പങ്കെടുത്തു.