കുന്നിക്കോട് : ദേശീയപാതയോരത്തെ വൈദ്യുതി പോസ്റ്റുകള്‍ അപകടഭീഷണിയാകുന്നു.മാറ്റി സ്ഥാപിക്കണമെന്നാവശ്യം ഉയര്‍ന്നിട്ടും അധികൃതര്‍ തിരിഞ്ഞ് നോക്കുന്നില്ലെന്ന പരാതിയുമായി വ്യാപാരികള്‍ രംഗത്ത്.കൊല്ലം തിരുമംഗലം പാതയില്‍ കുന്നിക്കോട് ജംഗ്ഷന് സമീപത്തെ പോസ്റ്റുകളാണ് അപകടത്തിലായിരിക്കുന്നത്.പോസ്റ്റിന്റെ ചുവട് പൂര്‍ണ്ണമായും ഒടിഞ്ഞ നിലയിലാണ്.മുകളില്‍ വലിച്ച് കെ ക്കിയിരിക്കുന്ന വൈദ്യുത കമ്പികളുടെ ബലത്തിലാണ് പോസ്റ്റ് മറിയാതെ ഇരിക്കുന്നത്.
വളവുകളായതിനാല്‍ സമീപത്ത് മറ്റൊരു പോസ്റ്റ് കൂടി സ്ഥാപിച്ചാണ് കമ്പികള്‍ കടത്തി വിട്ടിരിക്കുന്നത്.എന്നാല്‍ ഇതിന്റെ ചുവട്ടില്‍ നിന്നും മണ്ണ് നീക്കം ചെയ്ത നിലയിലാണ്. 11 കെ.വി ലൈനുകളാണ് ഇതിലൂടെ കടന്നു പോകുന്നത്.വിളക്കുടി ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ വരുന്ന പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണമെന്ന് പല തവണ പൊതുജനങ്ങള്‍ ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല.
നിരന്തരം വാഹനങ്ങള്‍ കടന്നുപോകുന്ന തിരക്കേറിയ കവലയിലാണ് അപകടഭീതി ഉയര്‍ത്തി പോസ്റ്റുകള്‍ നില്‍ക്കുന്നത്.ഇതിന് സമീപത്തായി ഇപ്പോള്‍ ടാക്സി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുവാനുള്ള സ്റ്റാന്റും ഒരുക്കിയിട്ടുണ്ട്.അപകടത്തിലായ പോസ്റ്റുകള്‍ മാറ്റി സ്ഥാപിക്കണമെന്നാവശ്യം ശക്തമാകുന്നുണ്ട്.